2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

കടലിന്റെ പ്രണയം

നിന്‍ മുഗ്ദ്ധ പ്രണയമെന്‍‍ സ്വപ്നങ്ങള്‍ക്ക് ചിറകുകളേകുകില്‍
നിന്‍ ചാരെ അണയാന്‍ സ്വര്‍ണ ചിറകെഴും വര്‍ണ്ണ -
ശലഭമായി ഞാന്‍ മാറിയേനേ, സഖീ ഞാന്‍ മാറിയേനേ...



സ്വര്‍ഗ്ഗ നന്ദാവനത്തിലെന്‍ രാധയെ തേടുമൊരു
സ്വപ്ന കാമുകനാം കാര്‍വര്‍ണ്ണനായി ഞാന്‍ നില്‍ക്കേ ...



നിന്നിലെ സ്നേഹ സപ്ത സ്വരങ്ങള്‍ മെല്ലെ തഴുകിയുണര്‍ത്തി
ഞാനാ സ്വരരാഗധാരയില്‍ അലിഞ്ഞു ചേര്‍ന്നു ...



ഋതു മന്ദഹാസത്തിന്‍ മധുരിമയില്‍ വിടര്‍ന്നൊരു
മൃദുലമാം ചെമ്പനീര്‍ മുകുളം പോല്‍ നീ നില്‍ക്കെ...



നാണം പകര്‍ന്ന ശോണിമയേഴും നിന്‍ ദലപുടങ്ങളില്‍
നനുത്ത തെന്നലിന്‍ കൈകളാല്‍ തഴുകി തലോടി ഞാന്‍ നിന്ന നേരം ...



കരയാം എന്നെ പുണര്‍ന്ന നിന്‍ തിരക്കൈകളാല്‍
നീയെന്നില്‍ ചെറു മണല്‍ ചിത്രങ്ങള്‍ കോറിയിട്ടൂ...



മഴയാം നിന്‍ പ്രിയ സഖി നിന്നെ അണിയിച്ച
മഴവില്ലിന്‍ വര്‍ണ്ണങ്ങളെന്‍ വിറയാര്‍ന്ന വിരല്‍തുമ്പില്‍ പടര്‍ന്നിരുന്നൂ .



പുലര്‍ മഞ്ഞുതുള്ളിയെ പുണര്‍ന്നുണരുന്ന
പുലര്‍ കാല സൂര്യനായി ഉറങ്ങി ഉണര്‍ന്ന നേരം ...



പൊഴിയാന്‍ വെമ്പുന്ന മഴയേ പിരിയാന്‍
പതിയെ വിതുമ്പുന്ന കാര്‍മുകിലായി എന്മനം തുടിച്ച നേരം ...



സുഖമാര്‍ന്ന നിന്‍ പ്രണയപാശത്താല്‍
സഖി നീയെന്നെ ബന്ധിതനാക്കി ... സഖി നീയെന്നെ ബന്ധിതനാക്കി ...

പെയ്യാതെ പോയ ഒരു മഴയുടെ ഓർമ്മയ്ക്ക് 2

ഒരു മദ്ധ്യവേനലവധിക്കാലത്തിന്‍റെ ആലസ്യതയില്‍ നിന്നും , ഇടപ്പാതിയുടെ നനവിലേക്ക് ഇറങ്ങാനായി മണ്ണും മനസ്സും വെമ്പി നില്‍ക്കുന്ന സമയത്താണ് ഇരട്ടി മധുരം പോലെ അരുണേട്ടത്തിയുടെ നാലാം റാങ്കിനു മേല്‍ , പാലക്കാട് എസ് എനിലേക്കുള്ള അപ്പോയിന്മെന്‍റ് ലെറ്ററും വന്നത് . എല്ലാം കൊണ്ടും ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അമ്മയായിരുന്നു . എനിക്കും അപ്പോള്‍ ബാംഗ്ലൂരില്‍ ജോലി സ്ഥിരമായിരുന്നു . ഏട്ടന്‍ ലണ്ടനില്‍ ഒരു കമ്പനിയുടെ സി ഓ ആയി ജോലി കിട്ടി പോയിട്ട് മൂന്നു വര്‍ഷമായിട്ടും നാട്ടിലേക്ക് ഒരു തവണ പോലും വരാഞ്ഞതിലുള്ള പരിഭവമൊഴിച്ചാല്‍ അമ്മയ്ക്ക് ഉണ്ടായിരുന്ന ഏക ദുഃഖം ഏട്ടത്തിയുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മാത്രമായിരുന്നു . എന്നെക്കുറിച്ച് അമ്മയ്ക്ക് വലിയ സങ്കല്പങ്ങളൊന്നുമില്ലായിരുന്നു , അമ്മയുടെ മനസ്സില്‍ ഞാനപ്പോഴും കുട്ടി തന്നെ ആയിരുന്നു .എന്‍റെ ബാംഗ്ലൂരിലെ ഒറ്റക്കുള്ള താമസ്സത്തില്‍ ഉള്ള ഒരു സങ്കടം ഒഴിച്ചാല്‍ എന്നെക്കുറിച്ച് അമ്മക്ക് മറ്റു ആവലാതികള്‍ ഒന്നുമില്ലായിരുന്നെന്നാണെനിക്ക് തോന്നിയിട്ടുള്ളത് . അഛന്‍റെ മരണം ഉണ്ടാക്കിയ ഷോക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതയായ ശേഷം എന്ത് പ്രതികൂല സാഹചര്യത്തിനും അമ്മയുടെ മനസ്സിനെ ഭയപ്പെടുത്താനാകില്ലായിരുന്നു , എന്ത് പ്രശനത്തിനും പെട്ടെന്ന് പോം‍വഴികള്‍ കണ്ടെത്തുന്ന അമ്മയെ നോക്കി ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട് .


ഞാന്‍ ലീവിനു വന്ന സമയത്താണു ഏട്ടത്തിക്ക് ജോലി കിട്ടിയെന്ന് അറിയുന്നത് , ഞാന്‍ തിരിച്ചു പോകുന്ന ഡെറ്റിലാണവള്‍ക്ക് ജോയിന്‍ ചെയ്യേണ്ടത് എന്നറിഞ്ഞ മുതല്‍

“ ഡാ നമുക്ക് ഒരുമിച്ച് നിന്‍റെ ബൈക്കില്‍ പോകാമെടാ , പ്ലീസ് ഡാ . എന്‍റെ പൊന്നുമോനല്ലെ .

എന്ന അപേക്ഷയുമായി അവളെന്‍റെ പിറകേ കൂടി . അവള്‍ക്ക് വല്ലാത്ത ഇഷ്ടമാണു ബൈക്കിലെ യാത്രകള്‍ . എനിക്കാണേ അതിനെക്കാള്‍ ക്രേസായിരുന്നു ബൈക്കിലെ യാത്ര . അതിനായി മാത്രമായിരുന്നു എഴുനൂറ്റി അന്‍പത് കിലോമീറ്ററോളം ഉണ്ടായിട്ടും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്ര ഞാന്‍ ബൈക്കിലാക്കുന്നത് , അതിനു ഏക എതിര്‍പ്പ് ഉള്ളത് അമ്മക്ക് മാത്രമാ . അത് വന്നു കയറുന്ന കുറച്ചു നേരത്തെക്കും , തിരികെ ബാംഗ്ലൂരെത്തി എന്നു ഫോണ്‍ വിളിക്കുമ്പോള്‍ എന്‍റെ പൈസ കളയാനായി ഒരു മണിക്കൂറോളവും മാത്രമേ കാണുകയുള്ളൂ .

“ അമ്മ അറിയണ്ട നിന്‍റെ ഫ്യൂസ് ഊരും ... നീ പോയേ പോയേ ... ഇവിടെ ഒറ്റക്ക് ഓടിക്കുന്ന പാട് എനിക്ക് തന്നെ അറിയാം അപ്പഴാ ഇനി നീയും ... വണ്ടി വിട്ട് പിടി ... പോ ...പോ “

എന്ന എന്‍റെ മറുപടി കേട്ടാലും ഒരു രക്ഷയുമില്ല ഏട്ടത്തി പഴയ പല്ലവി വീണ്ടും തുടങ്ങും .എന്‍റെ പേടി വേറെ ഒന്നുമല്ലായിരുന്നു , അവളെക്കൂട്ടി ബൈക്കിലാണു പോകുന്നതെന്നു പറഞ്ഞാല്‍ അമ്മ ചന്ദ്രഹാസ്സവുമായി ഇറങ്ങും പിന്നെ എന്‍റെ ബൈക്കില്‍ പോക്കും സ്വാഹയാകും എന്നതായിരുന്നു . എനിക്കറിയാമായിരുന്നു , ഇത് അമ്മയറിഞ്ഞാല്‍ അവളെയും കൂട്ടി ബസ്സിലോ ട്രൈനിലോ പാലക്കാട് വരെ പോയി , അവളെ കൊണ്ടാക്കി എല്ലാ കാര്യങ്ങളും ശരിയാക്കീട്ട് നീ ബാങ്ലൂര്‍ക്ക് ട്രെയിനിലോ ബസ്സിലോ പോയാ മതി എന്നേ പറയൂ എന്ന് . എന്‍റെ പ്രഭാതം മുതല്‍ ഉറക്കം വരെ അവളുടെ നിവേദനങ്ങള്‍ കൊണ്ട് നിറഞ്ഞു . അവസ്സാനം ,

“ ഏട്ടത്തീടെ ആദ്യ ശമ്പളം കിട്ടിയാ നിനക്ക് ഞാന്‍ ട്രീറ്റ് നടത്താടാ, പുതിയ ഷര്‍ട്ട് മേടിച്ച് തരാം , പുതിയ വാച്ച് മേടിച്ചു തരാം , ”

എന്നൊക്കെയുള്ള ഓഫ്ഫറുകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ അവസ്സാനം ഞാനൊരു വഴി കണ്ടു പിടിച്ചു .

പോകുന്നതിനു രണ്ട് ദിവസ്സം മുന്നേ എന്‍റെ ആത്മ മിത്രം ബിജുവിനോട് എന്തെലും ആവശ്യം പറഞ്ഞ് ബൈക്ക് എടുത്ത് കൊണ്ട് പോകാന്‍ പറഞ്ഞു , അവന്‍ വന്നു എടുത്തിട്ട് പോയി. എന്നിട്ട് ഞാന്‍ അമ്മയോട് പറഞ്ഞു ,

“അവന്‍ ഇനി മറ്റന്നാളെ വരൂ എന്തായാലും നന്നായീ , ഞാനും ഏട്ടത്തീം കൂടി ബസ്സിനല്ലെ പോകുന്നത് , പിന്നെ ബൈക്ക് ഞാന്‍ വന്നിട്ട് വാങ്ങാം അമ്മേ , അതുവരെ അവന്‍ വച്ചേക്കട്ടെ വെറുതേ ഇവിടെ വച്ചിരുന്നാലും കേടാകും , അവന്‍ എടുത്തു കൊണ്ട് പോയത് നന്നായി , ഇനി ഞാന്‍ അവനെ വിളിച്ച് പറയാം ,വന്നിട്ട് വാങ്ങാമെന്ന് .”

അങ്ങിനെ വിജയകരമായി ഞങ്ങള്‍ അമ്മയെ പറ്റിച്ചു.പോകുന്ന ദിവസ്സം അതി രാവിലെ യാത്രയാക്കാന്‍ ബസ്റ്റാന്‍റില്‍ വന്ന അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങള്‍ രണ്ട് പേരും ബസ്സില്‍ കയറി ഇരുന്നു . യാത്ര പറഞ്ഞ് പോയ അമ്മ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ , ബിജു ബൈക്കുമായി വന്നു , അവനുമായി യാത്ര പറഞ്ഞു , അമ്മയെ കണ്ടാല്‍ പറയാനുള്ള കള്ളങ്ങളൊക്കെ സ്റ്റഡി ക്ലാസ്സ് നടത്തി ഞങ്ങള്‍ വണ്ടി വിട്ടു .

ജീവിതത്തില്‍ ആദ്യമായി പോകുന്ന വഴിയിലെ ക്ഷേത്രങ്ങളൊക്കെ മനസ്സിലാക്കാന്‍ സാധിച്ചു . ഇടക്കിടെ ഞാന്‍ പോകുന്ന വഴി ആയിരുന്നിട്ടു കൂടി എനിക്കറിയാത്ത പല ക്ഷേത്രങ്ങളും അരുണേട്ടത്തി കാരണം കാണാന്‍ പറ്റി . അവസ്സാനം എനിക്കു തോന്നി ഞാനേതോ തീര്‍ഥ യാത്രക്കാണു പോകുന്നതെന്ന് . അവസ്സാനം കൊല്ലം അമ്മച്ചി വീട് ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു .

“ ദേ ഏട്ടത്തീ ഒരു കാര്യം പറഞ്ഞെക്കാം , എന്നെക്കൊണ്ട് പറ്റൂല്ല ഇതു പോലെ കണ്ട അമ്പലത്തിലെല്ലാം നിര്‍ത്തി കാവലു നില്‍ക്കാന്‍ , ഇനി വല്ല ഫേമസ്സ് ക്ഷേത്രവും ഉണ്ടെങ്കില്‍ മാത്രം പറഞ്ഞാ മതി ... ഞാന്‍ കേട്ടിട്ടുള്ളതാണേ നിര്‍ത്തും ഇല്ലെ നമ്മളങ്ങു ചെല്ലുമ്പോള്‍ നാളെ നേരം വെളുക്കും ഉച്ചക്കു മുന്നേ അവിടെ എത്താനുള്ളതാ ,പറഞ്ഞെക്കാം”

ആ വിരട്ടല്‍ ഏറ്റു ...പിന്നെ ഒരൊറ്റ വിടല്‍ ആയിരുന്നു . നേരം പുലര്‍ന്നു വരുന്നതേ ഉള്ളായിരുന്നു. കരുനാഗപ്പള്ളി കഴിഞ്ഞ് ഓച്ചിറ എത്തുന്നവരെ സയലന്‍റായിരുന്നു അരുണേട്ടത്തി . ഓച്ചിറ എന്ന ബോര്‍ഡ് കണ്ടതു മുതല്‍ പിന്നില്‍ നിന്നും ഡാ , ഡാ .. എന്ന വിളി ഇടക്കിടക്ക് കേട്ടു തുടങ്ങി . എനിക്ക് കാര്യം മനസ്സിലായി ഓച്ചിറ ക്ഷേത്രത്തില്‍ കയറണം . ഞാന്‍ ഒന്നും മിണ്ടീല്ല . ഹൈവേയില്‍ നിന്നും ക്ഷേത്രത്തിലേക്ക് തിരിയുന്ന വഴി എത്തിയപ്പോള്‍ ,ഞാന്‍ വണ്ടി സ്ലോ ചെയ്തു ഇടത്തെക്ക് തിരിഞ്ഞു .അപ്പോള്‍ പിന്നില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം .ഞാന്‍ മനസ്സില്‍ ചിരിച്ചു ,പാവം.

ക്ഷേത്രത്തില്‍ നിന്നുമിറങ്ങുമ്പോള്‍ വളരെ പ്രസന്നവതിയായിരുന്നു ഏട്ടത്തി . പ്രസ്സാദം എനിക്കു നേരേ നീട്ടി . ഞാന്‍ ചോദ്യഭാവത്തില്‍ നോക്കുന്നതു കണ്ടപ്പോള്‍ ,

“ അതാ ബാഗില്‍ വച്ചെക്ക് .”

എന്നിട്ട് വണ്ടിയുടെ പിന്നില്‍ കയറിയിട്ട് പറഞ്ഞു ,

“ എടാ , ദൈവത്തോട് മാത്രം കളിക്കരുത് കേട്ടോ .”

ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യാനായി കിക്കറില്‍ വച്ച കാല്‍ എടുത്തത് കണ്ട് ,

“ ഞാന്‍ ഒന്നും പറഞ്ഞില്ല , നീ വണ്ടി എടുക്ക് ,പറഞ്ഞതെല്ലാം തിരിച്ചെടുത്തു ,സോറി .”

ബാക്കിയുള്ള യാത്രയുടെ ചിന്തയോ , അതോ പഴയ വാഗ്വാദങ്ങളുടെ ഓര്‍മ്മകളാണോ ഏട്ടത്തിയുടെ ഈ നിരുപാധികമായ കീഴടങ്ങലിനു പിന്നില്‍ എന്നെനിക്ക് മനസ്സിലായില്ല. ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു .


ആലപ്പുഴ എത്താറായപ്പോള്‍ , ഞാന്‍ ആദ്യം കണ്ട ഒരു ഹോട്ടലിലേക്ക് വണ്ടി ഒതുക്കി . എപ്പോഴും കല പില പറയുന്ന അരുണേട്ടത്തി വല്ലാതെ മൂകമായിരുന്നു , ഞാന്‍ വല്ലതും ചോദിച്ചാല്‍ മറുപടി പറയും , ഇല്ലാതെ മിണ്ടില്ല .

“ കഴിക്കാനെന്താ വേണ്ടത് ?” എന്ന് ഞാന്‍ ചോദിച്ചതിനു

“ നിനക്ക് ഇഷ്ടമുള്ളതെന്തെങ്കിലും പറഞ്ഞാ മതി .” എന്ന് .

എനിക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു .

“ നിനക്കിഷ്ടമില്ലെ നമുക്ക് വണ്ടി ഇവിടെ എവിടെലും വച്ചിട്ട് ബസ്സില്‍ പോകാം .അതാകുമ്പോള്‍ ഈ കടന്നലു കുത്തിയ പോലിരിക്കുന്നത് കാണണ്ടല്ലോ .”

എന്‍റെ അടുത്ത വിരട്ടില്‍ വീണ്ടും ഏട്ടത്തി കീഴടങ്ങി .

“ വേണ്ട , ഞാന്‍ ഇനി മൂഡ് ഔട്ട് ആകില്ല , നീ ഇഡ്ഡലിയും തേങ്ങാ ചട്ണിയും പറയ് .”

ആഹാരം കഴിച്ചിട്ടിറങ്ങുമ്പോള്‍ ആകാശം ആകെ മൂടിക്കെട്ടിയിരുന്നു . മഴ പെയ്യുമെന്നു തോന്നി .

“ ഇതെന്താ ഏട്ടത്തിയുടെ മുഖത്തുണ്ടാരുന്ന വീര്‍പ്പം മുഴുവന്‍ ആകാശത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തോ ?”

എന്ന എന്‍റെ ചോദ്യം കേട്ട്

“ മഴ പെയ്യു മെന്നു തോന്നുന്നു ! പെയ്താല്‍ മതിയാരുന്നു !”

എന്ന ഏട്ടത്തിയുടെ അഭിപ്രായ പ്രകടനം കേട്ട് എനിക്ക് വട്ടായി .

“ അപ്പോള്‍ നാളെ ജോലിക്ക് ജോയിന്‍ ചെയ്യണ്ടേ ? ഇവിടെ നിന്ന് മഴയും നനഞ്ഞ് നിന്നാ മതിയോ ? ഒരു മഴയും മഴപ്രാന്തിയും ....”

“ നീ വണ്ടിയെടുക്ക് മഴ പെയ്യുന്നെങ്കില്‍ പെയ്യട്ടെ , നമുക്ക് പോകാം . മഴ പെയ്താല്‍ എവിടെയെങ്കിലും കയറി നില്‍ക്കാം.”

എന്ന ഏട്ടത്തിയുടെ അഭിപ്രായത്തിനു പിന്നില്‍ വല്യ ഒരു ഗൂഡ്ഡോദ്ദേശം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന് എനിക്ക് പിന്നെയാ മനസ്സിലായത് .


ചേര്‍ത്തല ബൈപ്പാസ് എത്തിയപ്പോഴേക്കും മഴ പെയ്ത് തുടങ്ങി . ഞാന്‍ അടുത്ത് കണ്ട ഒരു കടയിലേക്ക് വണ്ടി ഒതുക്കി .

“എന്തിനാ ഇവിടെ നിര്‍ത്തിയേ മഴ ചാറുന്നതല്ലേ ഉള്ളൂ ? നമുക്ക് മഴ ഉറയ്‍ക്കുമ്പോള്‍ എവിടേലും കയറി നില്‍ക്കാം . ഇല്ലെങ്കില്‍ വൈകും .”

“ അത് ശരി ഏട്ടത്തിക്ക് നനയാനായി എന്നെക്കൂടി ബലിയാടാക്കാനാ ഉദ്ദേശം അല്ലേ , അത് നടക്കൂല്ല മോളേ .... നമ്മക്ക് മഴ തോര്‍ന്നിട്ട് പോകാം .”

തന്‍റെ അടവു ഫലിക്കില്ല എന്നു മനസ്സിലാക്കിയപ്പോള്‍ , അവള്‍ പയ്യെ മുഖം തിരിച്ചു മഴയിലേക്ക് കണ്ണും നട്ട് നിന്നു . ഇടക്കിടക്ക് , കടയുടെ ഷെയ്ഡില്‍ നിന്നും ചിതറി വീഴുന്ന മഴത്തുള്ളികളെ കൈയില്‍ പിടിച്ച് തറയിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു .

അപ്പോള്‍ തന്നെ സമയം എട്ട് മണി കഴിഞ്ഞിരുന്നു . അര മണിക്കൂറോളം പെയ്ത മഴ അപഹരിച്ച സമയം കൂടി ലാഭിക്കാനായി , ആക്സിലറേറ്ററില്‍ കൈ കറക്കുമ്പോള്‍ അവള്‍ ഇടക്കിടക്ക് എന്‍റെ തോളിനു മുകളിലൂടെ സ്പീഡോ മീറ്ററില്‍ നോക്കുന്നുണ്ടായിരുന്നു . മഴ നനച്ച റോഡിലൂടെ ബൈക്ക് ചീറുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ്ദത്തെക്കുറിച്ച് അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഇടക്കിടെ വാച്ചിലും റോഡിലും മാത്രം ശ്രദ്ദിച്ചിരുന്ന ഞാന്‍ അതൊക്കെ കേള്‍ക്കുന്നുണ്ടെന്നു ഇടക്കിടക്ക് മൂളലിലൂടെ അവളെ ബോധിപ്പിച്ചു കൊണ്ടിരുന്നു .

അരൂരെത്തിയപ്പോള്‍ വീണ്ടും മഴ ഒന്നു പേടിപ്പിച്ചെങ്കിലും കൊച്ചീക്കായലില്‍ നിന്നെത്തിയ കാറ്റിനൊപ്പം അത് വഴി മാറി . എറണാകുളത്തിന്‍റെ തിരക്കിലൂടെ പോകുമ്പോള്‍ ,എന്‍റെ ഓര്‍മ്മകളില്‍ എന്നും നിറയുന്ന ഒരു പെണ്‍ കുട്ടിയുണ്ടായിരുന്നു ,അനു അഥവാ അനുപമ . അവളുടെ ഓര്‍മ്മകള്‍ ഒരിക്കലും ഉണങ്ങാത്ത മുറിവായി എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത് , അരുണേട്ടത്തിക്ക് നല്ലപോലെ അറിയാമായിരുന്നു .

“ ഡാ പള്ളിയില്‍ പോകണ്ടേ ?”


“ഉം പോകാം”


ഞാന്‍ കലൂര്‍ ഭാഗത്തേക്ക് വണ്ടി തിരിച്ചു . ലക്ഷ്യം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച് ആയിരുന്നു . പള്ളിയിലെത്തി വണ്ടി പാര്‍ക്കിങ്ങില്‍ വച്ചിട്ട് , ഞാനേട്ടത്തിയോട് പറഞ്ഞു ,
“ഏട്ടത്തി പോയി പ്രാര്‍ഥിച്ചിട്ട് വാ , ഞാനിവിടെ നില്‍ക്കാം.”

“ഡാ അത്...നീ കൂടി...”


പറയാന്‍ വന്നത് അര്‍ഥോക്തിയില്‍ നിര്‍ത്തിയിട്ട് എന്‍റെ മുഖത്തെക്ക് ഒന്നു നോക്കിയ അരുണേട്ടത്തി , നിറഞ്ഞ എന്‍റെ കണ്ണുകള്‍ കണ്ട് പറയാന്‍ വന്നത് മുഴുമിക്കാതെ മെഴുകുതിരികള്‍ വാങ്ങിക്കൊണ്ട് , പള്ളിയിലേക്ക് കയറി . നടന്നു പോകുന്ന അരുണേട്ടത്തിയെ നോക്കി നില്‍ക്കുമ്പോള്‍ കണ്ണു നീര്‍ മറച്ച എന്‍റെ ഓര്‍മ്മകളില്‍ അനുവിന്‍റെ മുഖം മെല്ലെ തെളിഞ്ഞ് വന്നു .

അനു , ഞാന്‍ ആദ്യമായവളെ കാണുന്നത് അരുണേട്ടത്തിയോടൊപ്പമായിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അരുണേട്ടത്തിക്ക് ഒരു ടെസ്റ്റിന്‍റെ സെന്‍റര്‍ എറണാകുളം ദാരുല്‍ ഉലൂം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ചായിരുന്നു . അന്നവള്‍ക്ക് കൂട്ടിനായി ഞാന്‍ പോയതായിരുന്നു . ടെസ്റ്റ് തീര്‍ന്ന് , വരുന്ന അവളെയും കാത്ത് , അങ്ങിങ്ങ് പറന്നു നടക്കുന്ന (ചെല്ല) കിളികളെയും നിരീക്ഷിച്ചിരുന്ന എന്‍റെ മുന്നിലേക്ക് വന്ന അരുണേട്ടത്തിയുടെ കൂടെ വെളുത്ത് കൊലുന്നനെയുള്ള , കണ്ണില്‍ നിറയെ കുസൃതി ഒളിച്ചു വച്ച ഒരു സുന്ദരിക്കുട്ടിയുമുണ്ടായിരുന്നു .

“ ഇത് അനുപമ , ഇവിടെ അടുത്തുള്ളതാ . ഇവിടെ വച്ച് പരിചയപ്പെട്ടതാ”

തിരിഞ്ഞ് അനുപമയോട് ,

“ ഇതെന്‍റെ അനിയന്‍ , എല്‍ ബി എസ്സില്‍ പഠിക്കുന്നു , എനിക്ക് കൂട്ടിനു വന്നതിവനാ.”

ഞാനവളെ നൊക്കി പുഞ്ചിരിച്ചു , അവള്‍ തിരിച്ചും .


“ ചേച്ചീ , വീട്ടിലേക്ക് വാ , അമ്മയെം അഛനെയുമൊക്കെ പരിചയപ്പെട്ടിട്ട് പോകാം .”

അനുവിന്‍റെ വക ക്ഷണം .എന്‍റെ സമ്മതത്തിനായി എന്‍റെ മുഖത്തെക്ക് നോക്കിയ അരുണേട്ടത്തി കാണുന്നത് ഡബിള്‍ സമ്മതവുമായി നില്‍ക്കുന്ന എന്നെയാണ്. അന്ന് വളരെ സൌമ്യ ശീലയായ അനുവിന്‍റെ അമ്മയുടെയും , തികഞ്ഞ വിശ്വാസിയായ അനുവിന്‍റെ അഛന്റ്റെയും , ബൈബിള്‍ വായിക്കാന്‍ ദിവസ്സത്തിലെ ഇരുപത്തി നാല് മണിക്കൂറുകള്‍ കുറഞ്ഞു പോയെന്നു പറയുന്ന അവളുടെ അമ്മൂമ്മയുടേയും സ്നേഹവും , പെരുമാറ്റവും അനുഭവിച്ചറിഞ്ഞു ഞങ്ങള്‍ .

തിരികെ വീട്ടിലെത്തുന്ന വരെയും , അതിനു ശേഷവും അനുപമാ പുരാണം മാത്രമായിരുന്നു അരുണേട്ടത്തിയുടെ നാവില്‍ . അവര്‍ തമ്മിലെ സൌഹൃദം ഫോണിലൂടെയും കത്തുകളിലൂടെയും തുടര്‍ന്നിരുന്നു എന്ന് ഞാനറിയുന്നത്

“ ഡാ , നിന്നെ ആ അനു അന്വേഷിച്ചതായി പറയാന്‍ പറഞ്ഞു ട്ടോ .”

എന്ന ഏട്ടത്തി മുഖേനയുള്ള ക്ഷേമാന്വേഷണങ്ങളിലൂടെ ആയിരുന്നു . പിന്നീട് അനുവിന്‍റെ പ്രണയത്തെ കുറിച്ചും , അതിന്‍റെ തീവ്രതയെക്കുറിച്ചും , അവളെ സ്നേഹിക്കുന്ന പയ്യന്‍റെ ആത്മാര്‍ഥതയെക്കുറിച്ചുമൊക്കെ അരുണേട്ടത്തി വാചാലയാകുമ്പോള്‍ , എന്‍റെ ഉള്ളില്‍ നിശബ്ദ്ദമായൊരു നീറ്റല്‍ ഉണ്ടാകുമായിരുന്നു . ഞാന്‍ അവളെ സ്നേഹിച്ചിരുന്നോ ? എന്ന് എന്നോടു തന്നെ പല വട്ടം ചോദിച്ച് ആശയക്കുഴപ്പത്തിലാകുമായിരുന്നു എന്‍റെ മനസ്സ് .

അനുവിനെ പിന്നീട് കണ്ടത് യാദൃശ്ചികതയായിരുന്നോ എന്നെനിക്കറിയില്ല ! അതോ സാക്ഷി ആകാന്‍ വിധി കല്പിച്ചതോ? എല്‍ ബി എസ്സിലെ കോഴ്സ് തീര്‍ന്ന വെക്കേഷന്‍ സമയത്ത് അപ്പച്ചിയുടെ ബാംഗ്ലൂരിലെ വീട്ടിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ എവിടെ നിന്നോ പൊട്ടി വീണ പോലെ അവളെ വീണ്ടും കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി .സാധാരണ ഉള്ള തിരക്കില്ലാത്ത ഐലന്‍ഡ് എക്സ്പ്രസിന്‍റെ അപൂര്‍വ്വം ഒരു ദിവസ്സമായിരുന്നു അത് . സൂചി കുത്താന്‍ ഇടമില്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ അന്നാകെ ശൂന്യമായ പോലെ , പേരിനു മാത്രം യാത്രക്കാര്‍ . കോയമ്പത്തൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തേക്കിറങ്ങി , ഫുഡ് സ്റ്റാളില്‍ നിന്നു വാങ്ങിയ കപ്പലണ്ടി പാക്കറ്റും ചായയുമായി തിരികെ വന്നു കയറി ഫുഡ് ബോര്‍ഡില്‍ ഇരിക്കാന്‍ തുടങ്ങിയ ഞാന്‍ എതിര്‍ വശത്തെ ഡോറില്‍ നില്‍ക്കുന്ന പെണ്‍ കുട്ടിക്ക് അനുവിന്‍റെ ഛായയുണ്ടെന്നു തോന്നിയപ്പോള്‍ ,അടുത്തേക്ക് ചെന്നു .

“അനൂ “

എന്‍റെ വിളി കേട്ട് ഞെട്ടിയ പോലെ തിരിഞ്ഞ അവളുടെ കണ്ണില്‍ ഞാന്‍ അന്നു കണ്ട കുസൃതിക്കു പകരം , കണ്ണു നീരായിരുന്നു എന്നത് , അമ്പരപ്പോടെ ഞാന്‍ മനസ്സിലാക്കി .

“ നീയെവിടേക്കാ ? അമ്മയും അഛനും എവിടെ ? എന്തിനാ ഇവിടെ ഡോറില്‍ വന്നു നിന്ന് കരയുന്നത് ? എന്താ എന്തു പറ്റി നിനക്ക് ?”

എന്‍റെ ചോദ്യങ്ങള്‍ക്ക് അവളുടെ ഏങ്ങലടികളായിരുന്നു മറുപടി . എനിക്കെന്തോ വല്ലായ്മ തോന്നി .

“ എന്ത് തന്നെ ആയാലും കുറച്ച് റിലാക്സ് ചെയ്യൂ , കരയാതെ , മുഖം തുടയ്‍ക്കൂ .”

“ ഒന്നുമില്ല ഏട്ടാ .”

എന്ന അവളുടെ മറുപടിയില്‍ തന്നെ എന്തോ ഉണ്ടെന്നെനിക്ക് മനസ്സിലായി. കൂടുതലൊന്നും ചോദിച്ച് വിഷമിപ്പിക്കണ്ട എന്നു കരുതി

“നീ അവിടെ ഇരിക്ക് , വെറുതേ ഇവിടെ നിന്ന് തണുത്ത കാറ്റടിച്ച് അസുഖം വരുത്തണ്ട.“

എന്നു പറഞ്ഞ് അവള്‍ ഒരു സീറ്റില്‍ കൊണ്ടിരുത്തി .

ഇടക്കിടെ അവളെ നോക്കാനായി ഞാന്‍ ഡോറില്‍ നിന്നും എഴുനേല്‍ക്കുമ്പോഴെല്ലാം കാല്‍ മുട്ടില്‍ കൈകള്‍ പിണച്ച് മുഖം പൂഴ്ത്തിയിരിക്കുന്നതാ കണ്ടത് , കരയുകയാകും എന്നെനിക്ക് മനസ്സിലായി . കരയട്ടെ കുറച്ച് കരഞ്ഞ് റിലാക്സാകുമ്പോല്‍ അവളോട് ചോദിച്ച് മനസ്സിലാക്കാം എന്താണു പ്രശനം എന്നു കരുതി വീണ്ടും ഞാന്‍ ഡോറിലേക്ക് മടങ്ങി.


ഏറേ നേരം കഴിഞ്ഞു അനുവിനെ ഞാന്‍ ഒരു കപ്പ് ചായയുമായി വിളിച്ചു. അവള്‍ ആ ചായ വാങ്ങി , കുറേയൊക്കെ റിലാക്സ്ഡ് ആയീ എന്നവളുടെ അപ്പോഴത്തെ മുഖഭാവം പറയുന്നുണ്ടായിരുന്നു . ആ ചായക്കിടയില്‍ അവള്‍ പറഞ്ഞ കഥ കേട്ട് തകര്‍ന്നത് ഞാനായിരുന്നു . അവളുടെ പ്രേമം മത പ്രശനങ്ങള്‍ വില്ലനായി വന്നപ്പോള്‍ യാഥാസ്ഥിതികരായ അവളുടെ മാതാപിതാക്കള്‍ എതിത്തു , ഒരിക്കലും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഒന്നിക്കാന്‍ കഴിയില്ലെന്നു ബോദ്ധ്യമായപ്പോള്‍ , കയ്യില്‍ കിട്ടിയ ആഭരണങ്ങളും പണവുമായി അവളിറങ്ങി , കാമുകനോടൊപ്പം , പാലക്കാട് വരെ ഒരുമിച്ച് ഉണ്ടായിരുന്ന അവന്‍ പാലക്കാടുനിന്നും ട്രെയിന്‍ വിട്ടപ്പോള്‍ കാണാതെയായീ ഒപ്പം അവള്‍ കൊണ്ടു വന്ന ബാഗും . കോയമ്പത്തൂരില്‍ ഇറങ്ങാനായി ശ്രമിച്ചെങ്കിലും , പ്ലാറ്റ് ഫോമിലെ ആളുകളും പരിചയമില്ലാത്ത ഭാഷയും , രാത്രിയും അവളെ ഭയപ്പെടുത്തി. അങ്ങിനെ നിന്നപ്പോഴാണ് ഞാന്‍ അവളെ കാണുന്നത് . അവന്‍ പണവുമായി മുങ്ങിയതോ , ആരെങ്കിലും അപകടപ്പെടുത്തിയോ , പുറത്തിറങ്ങിയപ്പോള്‍ ട്രെയിന്‍ മിസ്സ് ചെയ്തതോ ഒന്നും അറിയില്ല , ഒരു ലോക പരിചയവുമില്ലാത്ത ആ കുട്ടി എന്തു ധൈര്യത്തിലാണു , സ്നേഹിച്ചു എന്ന ഒരേ ഒരു കാരണത്താല്‍ പൂര്‍ണ്ണമായും അറിയാത്ത ഒരു ചെറുപ്പക്കാരനോടൊപ്പം ഇറങ്ങി പുറപ്പെട്ടതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു ഞാന്‍ . എന്താണിനി ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല .ട്രെയിന്‍ സേലത്തെത്തിയപ്പോള്‍ പ്ലാറ്റ് ഫോമിലിറങ്ങി ഞാന്‍ അരുണേട്ടത്തിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു , അനുവിനെ ആശ്വസിപ്പിക്കുന്നതിനായി അരുണേട്ടത്തിയെ ചുമതലപ്പെടുത്തി . അരുണേട്ടത്തി പറഞ്ഞ പ്രകാരം അടുത്ത ട്രെയിനിനു തന്നെ തിരികേ എറണാകുളത്ത് അവളെ കൊണ്ടാക്കാനായി , സേലത്ത് നിന്നും എറണാകുളത്തേക്ക് രണ്ട് റ്റിക്കറ്റ് എടുത്തു .


മടക്ക യാത്രയില്‍ അനു മൂകയായിരുന്നു . എനിക്കും വല്ലാത്ത വിഷമം അലട്ടുന്നുണ്ടായിരുന്നു . ഉറക്കം എന്‍റെ കണ്ണുകളെ കാര്‍ന്നു കൊണ്ടിരുന്നെങ്കുലും , ചിന്തകള്‍ ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. ട്രെയിന്‍ പാലക്കാട് വിട്ടപ്പോള്‍ നേരം പുലരാറായിരുന്നു .അനു അപ്പോഴേക്കും സുഖമായ ഉറക്കത്തിലേക്ക് വഴിതി വീണിരുന്നു . അവളുടെ മനസ്സ് തികച്ചും ശാന്തമായി എന്നെന്‍റെ മനസ്സ് പറഞ്ഞു .ആലുവഎത്താറാകുന്നതു വരെ ഓരോ സ്റ്റേഷനിലും ഇറങ്ങി , ചായയൊക്കെ കഴിച്ച് , എന്നെ ആക്രമിച്ചു കൊണ്ടിരുന്ന ഉറക്കത്തെ ഞാന്‍ അകറ്റി നിര്‍ത്തി . എന്നിട്ടും ഇടക്കെപ്പോഴോ ഉറങ്ങിപ്പോയ ഞാന്‍ ട്രെയിന്‍റെ കുലുക്കത്തിലാണ് ഉണര്‍ന്നത് . ഏതു സ്റ്റേഷന്‍ എന്നു നോക്കനായി ഡോറിലേക്ക് പോയ എന്നെ തള്ളി മാറ്റിക്കോണ്ട് , കുറേ യാത്രക്കാര്‍ തിരക്കിട്ട് പോയി . ആതിരക്കിനിടയിലൂടെ നൂണ്ട് ഡോറില്‍ചെന്ന ഞാന്‍ അടുത്ത പാളത്തില്‍ എതിര്‍ വശത്തേക്ക് നിര്‍ത്തിയിട്ടിരിക്കുന്ന മറ്റൊരു ട്രെയിന്‍റെ മുന്ഭാഗത്തെത്താനായി പോകുന്ന ഞങ്ങളുടെ ട്രെയിനിലെ യാത്രക്കാരെയും , നിര്‍ത്തിയിട്ടിരിക്കുന്ന മറ്റേ ട്രൈനിലെ യാത്രക്കാരെയുമായിരുന്നു .

“ എന്താ , എന്താ ചേട്ടാ സംഭവം ? എന്തിനാ എല്ലാരും അങ്ങോട്ടു പോണത് ?”


എന്ന എന്‍റെ ചോദ്യത്തിനു ,

“ ആ എന്തോ ഒന്നും കൃത്യമായിട്ടറിയില്ല , നമ്മുടെ ട്രൈനില്‍ നിന്നും ആരോ ആട്രെയിന്‍റെ മുന്നിലേക്കെടുത്ത് ചാടി , ആണോ , പെണ്ണോ എന്നറിയില്ല . എന്തായാലും ആളു ക്ലോസ്സായി അതുറപ്പാ..”


എന്ന മറുപടി കേട്ട് സ്തംഭിച്ച് പോയ ഞാന്‍ സമനില വീണ്ടെടുത്ത് , അനു ഇരുന്നിടത്തേക്ക് പാഞ്ഞു .

എന്‍റെ സകല പ്രജ്ഞകളെയും തളര്‍ത്തിക്കൊണ്ട് അവളിരുന്നയിടം ശൂന്യമായി കിടന്നിരുന്നു .....



“ ഡാ വാ പോകാം ...”


ഓര്‍മ്മയില്‍ നിന്നും ഞെട്ടി ഉണര്‍ന്ന ഞാന്‍ കണ്ടത് , എന്നെ തട്ടി വിളിക്കുന്ന അരുണേട്ടത്തിയെയാണ് . ഞാന്‍ ചിന്തകളില്‍ നിന്നും മുക്തനാകാന്‍ കുറച്ച് സമയമെടുത്തു .


തൃശ്ശൂരെത്തുമ്പോഴേക്കും നേരം ഉച്ചയായി , അപ്പോഴും ആകാശം എന്‍റെ മനസ്സുപോലെ തന്നെ മൂടിക്കെട്ടി നില്‍ക്കുകയായിരുന്നു. ഒരു ഹോട്ടലില്‍ വണ്ടി കൊണ്ടു നിര്‍ത്തിയതും , ആഹാരം കഴിച്ചതുമെല്ലാം വെറും യാന്ത്രികമായിട്ടായിരുന്നു . അരുണേട്ടത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു , അവിടെ കോളേജിനടുത്തു തന്നെ , അവളുടെ കൂടെ പഠിച്ച ഒരു കുട്ടിയും , കുറച്ച് റ്റീച്ചര്‍മാരും പേയിംഗ് ഗസ്റ്റുകളായി താമസ്സിക്കുന്നുണ്ടെന്നും , അവരുടെ കൂടെ താമസ്സ സൌകര്യം ശരിയാക്കിയ കൂട്ടുകാരിയെക്കുറിച്ചും മറ്റുമൊക്കെ . ഒന്നും എന്‍റെ മനസ്സില്‍ പതിയുന്നുണ്ടായിരുന്നില്ല . അവിടെ നിന്നിറങ്ങി ആലത്തൂര്‍ എത്തുന്നവരെ അവള്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നതിനൊക്കെ ഞാന്‍ മൂളലുകള്‍ കൊണ്ട് ശ്രദ്ധിക്കുന്നെന്ന് വരുത്തി . ആലത്തൂര്‍ കഴിഞ്ഞപ്പോള്‍ മഴ അതിന്‍റെ സകല പ്രതാപങ്ങളോടും കൂടി പെയ്ത് തുടങ്ങി . ഞാന്‍ വണ്ടി ഒരു സൈഡില്‍ കണ്ട ബസ്റ്റോപ്പിലേക്ക് കയറ്റി നിത്തി . അപ്പോഴേക്കും പകുതിയിലേറെ നനഞ്ഞിരുന്നു . ബസ്റ്റോപ്പില്‍ നിന്നപ്പോള്‍ ഞാന്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് നോക്കി , പത്തോളം മിസ് കാളുകള്‍ , വീട്ടില്‍ നിന്ന് .സൈലന്‍റ് ആക്കിയിരുന്നതു കൊണ്ട് അറിഞ്ഞില്ല . ഞാന്‍ അമ്മയെ വിളിച്ചു . കോളേജില്‍ എത്താറായെന്നും എത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞ് കട്ട് ചെയ്തു .


മഴയുടെ സ്പര്‍ശം അരുണേട്ടത്തിയെ വല്ലാതെ ഡിസ്റ്റര്‍ബ്ബ് ചെയ്യുന്നു എന്നു തോന്നി . അവള്‍ വീണ്ടും പഴയ പല്ലവി തുടങ്ങി .

“ എന്തായാലും നനഞ്ഞു , ഇനി കുറച്ച് ദൂരമല്ലേ ഉള്ളൂ , നമുക്കങ്ങ് പോകാമെഡാ .”

ഞാന്‍ മൊബൈലിനെയും , അവളുടെ ഫയലുകളേയും സര്‍ട്ടിഫിക്കറ്റുകളുടെയും കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ ,

“അതിനു വഴിയുണ്ടാക്കാം എന്നാല്‍ പോകാമോ ?”

എന്നായി അടുത്ത ചോദ്യം . ഞാന്‍ ശരിയെന്ന് പറഞ്ഞു . ഉടനേ അവള്‍ ബസ്റ്റോപ്പിനോട് ചേര്‍ന്നു നിന്നിരുന്ന കടയില്‍ നിന്നും മൂന്നാലു പ്ലാസ്റ്റിക്ക് കവറുകള്‍ വാങ്ങി എന്‍റെയും അവളുടെയും മൊബൈലുകളും, വാച്ചും , സര്‍ട്ടിഫിക്കറ്റും ഫയലുമെല്ലം ഭദ്രമായി പാക്ക് ചെയ്തു . എന്നിട്ട് ,

“ ഇനിയിതാ ബാഗില്‍ വയ്ക്ക് , എന്നിട്ട് വണ്ടി വിട് മോനേ..”

എന്ന് . എന്നിട്ടും ഞാന്‍ അനങ്ങുന്നില്ലന്ന് കണ്ടപ്പോള്‍ , വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഒരു മോഹന വാഗ്ദാനം കൂടി നല്‍കി .

“ ആദ്യ ശമ്പളത്തിനു നിനക്ക് ഞാന്‍ N70 വാങ്ങിത്തരാം .”

എന്നിട്ടും മിണ്ടാതെ നിക്കുന്ന എന്നോട് പിണങ്ങി മുഖം തിരിച്ച് നിന്നു.
ഞാനവളുടെ മഴ ഭ്രാന്തിനെക്കുറിച്ചാലോചിച്ചു , മഴ അവളുടെ ദുഃഖങ്ങളെല്ലാം മാറ്റുമെന്ന അവളുടെ വാദം , അതാലോചിച്ചപ്പോള്‍ ഞന്‍ പതിയെ അവളുടെ കയ്യിലിരുന്ന കവറു വാങ്ങി വണ്ടിയുടെ ഫ്രണ്ടില്‍ വച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു , ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ആ മഴയില്‍ അവള്‍ വന്നു പിന്നില്‍ കയറി . കടയിലുണ്ടായിരുന്നവരൊക്കെ അത്ഭുത ജീവികളെ നോക്കുന്നതു പോലെ ഞങ്ങളെ നോക്കുന്നത് കണ്ടു . ഞാന്‍ വണ്ടി വിട്ടു , എന്‍റെ ദുഃഖങ്ങള്‍ കൂടി ഈ മഴ കഴുകിക്കളയുമെങ്കില്‍ എന്നാശിച്ചു കൊണ്ട് .


ആകെ നനഞ്ഞ് കുളിച്ച് ബൈക്കില്‍ കോളേജിന്‍റെ ഗേറ്റു കടക്കുമ്പോള്‍ പലരും അത്ഭുതത്തോടെ നോക്കുന്നത് കാണാമായിരുന്നു . പ്രിന്‍സിയുടെ കയ്യില്‍ നിന്നും അവളുടെ കൂട്ടുകാരികളുടെന്നും , ആവശ്യത്തിലേറെ വഴക്ക് എനിക്കു കിട്ടുമ്പോള്‍ , ഒന്നും ചെയ്യാത്തവളെപ്പോലെ അവള്‍ അവര്‍ക്കു പിന്നില്‍ പുഞ്ചിരിച്ചു നിന്നു. താമസ്സ സൌകര്യത്തിന്‍റെ കാര്യവും , നാളെ ജോയിന്‍ ചെയ്യുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞേൽപ്പിച്ച് , ഞാന്‍ അവിടെ നിന്നുമിറങ്ങുമ്പോള്‍ വീണ്ടും മഴ തുടങ്ങി , ഞാന്‍ ആക്സിലറേറ്ററില്‍ കൈ കൊടുത്തു .... മനസ്സിനെ മുഴുവന്‍ തണുപ്പിച്ച ഒരു യാത്ര ...

“ ചേട്ടാ , ഒന്നു മാറുമോ ഞങ്ങളൊന്നിറങ്ങിക്കോട്ടെ ?”


ആരുടെയൊക്കെയോ ചോദ്യങ്ങളാണെന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത് . ട്രെയിന്‍ അപ്പോഴേക്കും പാലക്കാട് സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലെത്തിയിരുന്നു . ഞാന്‍ പതിയെ പ്ലാറ്റ് ഫോമിലേക്കിറങ്ങി ....

പെയ്യാതെ പോയ ഒരു മഴയുടെ ഓർമ്മയ്ക്ക് 1

അന്നും പതിവുപോലെ ഓഫീസിലെക്കിറങ്ങാന്‍ വൈകി.അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊപ്പം മൂന്നോ,നാലോ ബിയര്‍ അടിച്ചിട്ട് കാമുകിയെയും വിളിച്ച് സല്ലപിച്ചിട്ട് കിടന്നുറങ്ങുന്നവന്‍ എങ്ങിനാ സമയത്ത് എഴുന്നേല്‍ക്കുന്നെ.

ആകാശത്ത് പെയ്യാന്‍ മടിച്ച് നില്‍ക്കുന്ന മഴമേഘങ്ങള്‍.മനസ്സുമുഴുവന്‍ ഞങ്ങളുടെ അസ്സിസ്റ്റന്റ് മാനേജര്‍ വസന്ത് ധവാന്‍ എന്ന ഉത്തരേന്ത്യക്കാരന്‍ വിളിക്കാന്‍ഇടയുള്ള ഹിന്ദി തെറികളായിരുന്നു .ഓടുന്ന ബൈക്കില്‍ നിന്നും ഒരു നിമിഷം ശ്രദ്ധ മാറി മുടിനാരിഴക്കാണു വളവു തിരിഞ്ഞു വന്ന ഒരു കാറില്‍ നിന്നും രക്ഷപെട്ടത്.ശകുനം ശരിയല്ല ,എന്‍റെ മനസ്സു പറഞ്ഞു, അത് ശരി വയ്ക്കുന്ന പോലെ മൊബൈല്‍ റിംഗ് ചെയ്തു .നാന്‍സി അജ്റാമിന്റെ അറബി ഗാനം മുഴങ്ങി ,എന്റെ ഫേവറിറ്റ് സിംഗറാണു നാന്‍സി.
ഞാന്‍ ബൈക്ക് സ്ലോചെയ്ത് മൊബൈല്‍ എടുത്തു,നാട്ടില്‍ നിന്നും പരിചയമില്ലാത്ത ഒരു നമ്പര്‍ ,വണ്ടി നിര്‍ത്തി ഞാന്‍ കോള്‍ ബട്ടണ്‍ അമര്‍ത്തി മൊബൈല്‍ ചെവിയോട് ചേര്‍ത്തു.

കേട്ട വാര്‍ത്ത അത്ര സുഖകരമല്ലായിരുന്നു,
"അരുണേട്ടത്തിക്കുസുഖമില്ല ആശുപത്രിയിലാണു."
ആശുപത്രിയില്‍ കാണാന്‍ വന്ന ഏതോ പരിചയക്കാരന്റെ കയ്യില്‍ എന്റെ നമ്പര്‍ കൊടുത്ത് വിളിപ്പിച്ചതാണ് അരുണേട്ടത്തി.
" നിന്നെ ഒന്നു കാണണമെന്നു പറഞ്ഞു,വരുമോ" എന്നു ചോദിച്ച അയാളോട്,
"വരാം ".എന്നു ഞാന്‍ പറഞ്ഞതും അയാള്‍ ഫോണ്‍ കട്ട് ചെയ്തു.മുകളിലെ ആകാശം പോലെ എന്റെ മനസ്സും ഇരുണ്ടു.

ഞാന്‍ ഉരുകുന്ന മനസ്സുമായി കാള്‍ ലിസ്റ്റില്‍ നിന്നും ആ നമ്പര്‍ എടുത്ത് തിരിച്ചു വിളിച്ചു ,അത് യൂസര്‍ ബിസ്സി എന്ന് കാണിച്ചുകൊണ്ടിരുന്നു .വീണ്ടും ഞാന്‍ ട്രൈ ചെയ്തു അവസ്സാനം ഫോണ്‍ എടുത്തത് ഒരു പെണ്‍കുട്ടി അത് RCC യുടെ അടുത്തുള്ള ഒരു ടെലഫോണ്‍ ബൂത്ത് ആണെന്നാണ് ആ കുട്ടി പറഞ്ഞത്‌. എന്റെ മനസ്സില്‍ ഇടി മുഴങ്ങി ! അരുണേട്ടത്തി RCC -യിലോ ?അപ്പോള്‍ !? മനസ്സില്‍ അശുഭ ചിന്തകള്‍ നിറഞ്ഞു . വഴിയരികില്‍ നില്‍ക്കുകയാണെന്ന ബോധം എനിക്ക് വന്നത് ഒരു കാറിന്റെ ഹോൺ ശബ്ദം കേട്ടപ്പോഴാണ്, ആ കാര്‍ എന്റെ അരികില്‍ ബ്രേക്ക് ഇട്ടു നിന്നു."എന്താടാ വഴിയരികില്‍ നിന്നു സ്വപ്നം കാണുകയാണോ ?" എന്ന ചോദ്യവുമായി ബാലേട്ടന്‍ ."അല്ല ചുമ്മാതെയാണോ നീ ഓഫിസിലെത്താന്‍ വൈകുന്നെ ?"എന്ന തമാശയും പറഞ്ഞുകൊണ്ട് ബാലേട്ടന്‍ കാറില്‍ നിന്നിറങ്ങി .എന്റെ മുഖ ഭാവം കണ്ടാകണം ,“എന്താടാ എന്ത് പറ്റി ?“ എന്നായി ബാലേട്ടന്റെ ചോദ്യം...
ഞങ്ങളുടെ എംഡിയാണ് ബാലേട്ടന്‍ .. പക്ഷേ ഞാനും ബാലേട്ടനും തമ്മില്‍ നല്ല സുഹൃത്തുക്കളാണ് . ബാലേട്ടനോട് കാര്യം പറഞ്ഞു , ലീവ് വേണമെന്നു പറഞ്ഞപ്പോള്‍ നീ നാട്ടില്‍ പോയി കാര്യം തിരക്കിയിട്ട് വാ ലീവ് ഞാന്‍ ശരിയാക്കിയേക്കാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു , ബാലേട്ടന്‍ കാറില്‍ കയറി .

“ നീ ചിന്തിച്ചു നില്‍ക്കാതെ പോയി ടിക്കറ്റ് എടുത്ത് പോകാന്‍ നോക്ക് .” എന്നു പറഞ്ഞു ബാലേട്ടന്‍ പോയി .

സെന്‍‍ട്രല്‍ സ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുമ്പോഴും എന്റെ ചിന്തകള്‍ അരുണേട്ടത്തിയെക്കുറിച്ചും ,ആരുമറിയാതെ അരുണേട്ടത്തി വളര്‍ത്തുന്ന മകളെക്കുറിച്ചുമായിരുന്നു .

“അരുണേട്ടത്തിയുടെ മകള്‍ .. .” എന്റെ ചിന്തകള്‍ക്കൊപ്പം ട്രിവാന്‍ഡ്രം എക്സ്പ്രസിന്റെ താളം മുറുകുന്നത് എന്റെ നെഞ്ചിടിപ്പുകള്‍ പോലെ ഞാനറിഞ്ഞു .

എന്റെ മനസ്സ് ട്രെയിന്റെ ചക്രങ്ങള്‍ പാളത്തില്‍ മുഴക്കുന്ന താളങ്ങളിലൂടെ അരുണേട്ടത്തിയുടെ ഓര്‍മ്മകളിലേക്ക് മടങ്ങി . പുറത്ത് ഡിസ്സംബറിലെ മഴനൂലുകള്‍ ജനല്‍ചില്ലുകളില്‍ ചിത്രം വരക്കുന്നു . ഞാനോര്‍ക്കുകയായിരുന്നു അരുണേട്ടത്തിയുടെ ഓര്‍മ്മകള്‍ക്കെല്ലാം ഒരു മഴയുടെ നനവുണ്ടായിരുന്നു . അരുണേട്ടത്തിയുടെ ആവേശമായിരുന്നു മഴ .
--------------------------------------------------------------------------------------------------------
അരുണേട്ടത്തി എന്റെ അമ്മാവന്റെ മകള്‍
അരുണേട്ടത്തിയെ ഞാന്‍ ആദ്യം കാണുന്നത് ഒരു ചാറ്റല്‍ മഴയില്‍ അമ്മാവന്റെ കയ്യും പിടിച്ച് കയറി വരുന്നതാണ്.വയനാട്ടില്‍ ഫോറസ്റ്റ് ഓഫീസറായി ജോലി നോക്കിയിരുന്ന അമ്മാവന്റെ ഒരു നേരിയ ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ ,കുടുംബത്തോടെ വയനാട്ടില്‍ ക്വാര്‍ട്ടേഴ്സില്‍ തന്നെയായിരുന്നു താമസ്സം . അന്നെനിക്ക് അഞ്ചു വയസ്സ് എന്നെക്കാള്‍ നാല് വയസ്സിനു മൂത്തതാണ് അരുണേട്ടത്തി .വളരെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ വന്ന അമ്മാവന്‍ വെക്കേഷന്‍ തീര്‍ന്നു തിരികെ പോകുന്നതിന്റെ മുന്‍പേയുള്ള ഒരു സന്ദര്‍ശനമായിരുന്നു അത് . ഞാനും അമ്മയും ബാംഗ്ലൂര് അഛന്റെ ജോലി സ്ഥലത്തു നിന്ന് വന്നിട്ട് കുറച്ച് ദിവസ്സമേ ആയിരുന്നുള്ളൂ .ഏട്ടനോടൊപ്പം എന്നെയും അവിടെ പഠിപ്പിക്കാന്‍ ശ്രമിച്ചു അവര്‍ ദയനീയമായി പരാജയപ്പെട്ടതു കൊണ്ട് എന്നെ നാട്ടിലെ സ്കൂളില്‍ ആക്കി മര്യാദ പഠിപ്പിക്കാനുള്ള വരവായിരുന്നു അത് . ഞാന്‍ ആദ്യമായി കാണുകയായിരുന്നെങ്കിലും വര്‍ഷങ്ങളായി പരിചയമുള്ളതു പോലെയായിരുന്നു അരുണേട്ടത്തി . അവര്‍ തിരികേ പോകുന്നതിനു മുന്‍പുതന്നെ അരുണേട്ടത്തിയും ഞാനും വളരെ അടുത്ത കൂട്ടുകാരായിമാറിയിരുന്നു . എന്റെയുള്ളില്‍ നഷ്ട ബോധം നിറച്ചു കൊണ്ട് അവര്‍ മടങ്ങി.

കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും ഞാന്‍ അരുണേട്ടത്തിയെ കാണുമ്പോഴും മഴയുടെ അകമ്പടിയുണ്ടായിരുന്നു ,പക്ഷേ ഇത്തവണ അമ്മാവനു പകരം എന്റെ അഛനും അമ്മയുമായിരുന്നു അരുണേട്ടത്തിയോടൊപ്പം പടികയറി വന്നത് .പഴയ പ്രസരിപ്പുള്ള മുഖത്തിനു പകരം മഴയുടെ ദൌദ്രം കവർന്ന മാതാപിതാക്കളുടെ നഷ്ടബോധം നിറഞ്ഞ അരുണേട്ടത്തിയുടെ മുഖമായിരുന്നു അപ്പോള്‍ കണ്ടത്. ഒരു ഉരുള്‍ പൊട്ടല്‍ ബാക്കിയാക്കിയത് അരുണേട്ടത്തിയെ മാത്രമായിരുന്നു . അന്നുമുതല്‍ എന്റെ ഏട്ടത്തിയായി അവര്‍. കുറേ നാള്‍ ആ വിഷാദ ഭാവം ഉണ്ടായിരുന്നെങ്കിലും അവള്‍ പഴയ അരുണയായി മാറി.

മഴ ഒരുതരം ഭ്രാന്തായിരുന്നു അരുണേട്ടത്തിക്ക് , പെയ്യുന്ന മഴയില്‍ നനയുന്ന അരുണേട്ടത്തിയെ പിന്തിരിപ്പിക്കാന്‍ നോക്കുന്ന എന്നെയും മഴയിലേക്ക് വലിച്ചിടുമായിരുന്നു . മഴ നനയുന്ന കാര്യത്തില്‍ മാത്രം അമ്മയോ അഛനോ പറഞ്ഞാലും അവള്‍ അനുസ്സരിക്കില്ല , പക്ഷേ എന്റെ ഏട്ടന്‍ വീട്ടിലുള്ളപ്പോള്‍ മാത്രം അവള്‍ , അവന്‍ കാണുന്നില്ല എന്നുറപ്പു വരുത്തിയിട്ടേ മഴയിലേക്കിറങ്ങുകയുള്ളൂ , അവന്റെ “ഡീ “ എന്ന അവന്റെ ഒരു വിളി മതി അവള്‍ ഏതു വഴി എങ്ങോട്ട് മാഞ്ഞു പോകുന്നെന്നറിയാന്‍ പറ്റില്ല ,അത്രക്ക് പേടിയാണ് ഏട്ടനെ. എന്നോട് ഉള്ള സ്നേഹവും അടുപ്പവും അവകാശവും ഒരിക്കലും അവള്‍ ഏട്ടനോട് കാണിക്കില്ല . വെക്കേഷന്‍ സമയത്ത് ബാംഗ്ലൂരു നിന്ന് അവന്‍ വരുന്ന ദിവസ്സം മുതല്‍ പോകുന്നതു വരെ അവന്റെ കണ്ണില്‍ പെടാത്ത സ്ഥലങ്ങളില്‍ മാത്രമേ അരുണേട്ടത്തി കാണപ്പെടാറുള്ളൂ . ആ സമയത്തൊക്കെ അമ്മ പറയുമായിരുന്നു “കിളിയെപ്പോലെ ചിലച്ചും കൊണ്ട് നടന്ന പെണ്ണിന്റെ വായില്‍ നാക്കുണ്ടോ എന്ന് പരിശോധിച്ച് നോക്കണമെന്ന് “.വളര്‍ന്നിട്ടും അതിനു മാറ്റമുണ്ടായില്ല.

ഓര്‍മ്മകളില്‍ അലയുകയായിരുന്ന എന്നെ ഉണര്‍ത്തിയത് പ്ലാഫോമിലെ ബഹളങ്ങളായിരുന്നു . ട്രെയിനപ്പോള്‍ കോയമ്പത്തൂരെത്തിയിരുന്നു . ഞാനത്ഭുതത്തോടെ ആലോചിച്ചു ഒരിക്കലും എന്റെ ട്രെയിന്‍ യാത്രകള്‍ ഇതുപോലെ ആയിരുന്നില്ലല്ലോ എന്ന് , പടിക്കെട്ടിലെ ഇരുത്തം , ട്രെയിന്‍ പുഴകള്‍ക്ക് മുകളിലെ പാലങ്ങളില്‍ കയറുമ്പോള്‍ ഉണ്ടാകുന്ന സംഗീതവും ഒരു പ്രത്യേക അനുഭൂതിയും, എല്ലാ സ്റ്റേഷനുകളിലും ഇറങ്ങി കറങ്ങുന്നത് , അടുത്തുള്ള കമ്പാര്‍ട്ടുമെന്റുകള്‍ തോറും കയറി ഇറങ്ങുന്നത് , ട്രെയിന്‍ യാത്രകളിലെ ഹ്രസ്വ സൌഹൃദങ്ങള്‍ ഇതൊന്നുമില്ലാതെ ഒരു ട്രെയിന്‍ യാത്ര എന്റെ ഓര്‍മ്മയില്‍ ഇല്ല . ഇതിപ്പോള്‍ മനസ്സ് അരുണേട്ടത്തിയുടെ ഓര്‍മ്മകളില്‍ മാത്രം അലയുന്നു .

ഞാന്‍ പ്ലാഫ് ഫോമിലേക്കിറങ്ങി തിരക്കില്‍ ഒഴുകുന്ന ആള്‍ക്കൂട്ടം , ഞാന്‍ കാണുമ്പോഴെല്ലാം കോയമ്പത്തൂര്‍ അങ്ങിനെയായിരുന്നു . അതിനിടയിലൂടെ ഞാന്‍ അടുത്തു കണ്ട ഒരു കടയിലേക്ക് ഒഴുക്കിലകപ്പെട്ട കല്ലിനെപ്പോലെ തട്ടി നീങ്ങി . “യെന്നാ സാര്‍ ഉങ്കളുക്ക് എന്ന വേണം ?” കടക്കാരന്റെ മലയാള ചുവയിലുള്ള തമിഴ് ചോദ്യം കേട്ടാണ് ഞാനെന്തിനാ ഇവിടേക്ക് വന്നതെന്ന് ചിന്തിക്കുന്നത്.കടയിലാകെ മൊത്തം നോക്കി, പത്രങ്ങള്‍ തൂക്കിയിട്ടിരുന്നതിനിടയില്‍ നിന്നും ഒരു മലയാള പത്രം വാങ്ങി , ഒരു കുപ്പി വെള്ളവും .പത്രങ്ങള്‍ വായിക്കുന്ന ശീലം ബാംഗ്ലൂരിലെ യാന്ത്രികതക്കിടയില്‍ ഒഴിവാക്കിയതായിരുന്നു പക്ഷേ ഇപ്പോള്‍ എന്തോ വായിക്കണമെന്നു തോന്നി .അരുണേട്ടത്തിയുടെ ഓര്‍മ്മകളായിരിക്കും എന്നെക്കൊണ്ട് അതു വാങ്ങിക്കാന്‍ പ്രേരിപ്പിച്ചത് . കുട്ടിക്കാലം മുതല്‍ തമ്മില്‍ പിരിയുന്ന നാള്‍ വരെ എന്നും രാവിലേ പത്രം ആദ്യം വായിക്കാന്‍ അടി കൂടുമായിരുന്നു ഞങ്ങള്‍ . ഞാന്‍ പത്രവുമായി അടുത്ത് കണ്ട ബഞ്ചിലേക്കിരുന്നു .

എന്റെ എല്ലാട്രെയിന്‍ യാത്രകളും ഒരു തരം ആഘോഷങ്ങളായിരുന്നു , അഛനോടും അമ്മയോടും ,ഏട്ടനോടുമൊപ്പം ഉള്ള യാത്രകളിലും എന്റെ സ്വാതന്ത്യത്തിനു വിടുമായിരുന്നു അഛന്‍ , ഭയത്തോടു കൂടിയുള്ള അമ്മയുടെ കണ്ണുകള്‍ എപ്പോഴും എന്റെ പിറകേയുണ്ടാകുമെങ്കിലും. പക്ഷേ ഏട്ടന്‍ എന്റെ നേര്‍ വിപരീതമായിരുന്നു ട്രെയിനില്‍ കയറി ഇരുന്നാല്‍ ഇരിക്കുന്നിടത്തു നിന്ന് എഴുനേല്‍ക്കുന്നത് ബാത്റൂമില്‍ പോകാനായി മാത്രമായിരിക്കും . എനിക്കാണേല്‍ ഇരിക്കുന്നിടത്തു തന്നെ അഞ്ചു മിനിറ്റ് ഇരിക്കുന്നത് കൊല്ലുന്നതിനു തുല്യവും . അമ്മയുടെ ശാസനകള്‍ക്കൊന്നും അഛന്റെ സമ്മതപൂര്‍ണ്ണമായ നോട്ടത്തെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആ സ്വാതന്ത്ര്യം ഇരട്ടിച്ചു .

ട്രെയിന്‍ സ്റ്റേഷന്‍ വിടുന്ന ഹോണ്‍ മുഴക്കമാണ് എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തിയത് . ട്രെയിന്‍ നീങ്ങിതുടങ്ങിയിരുന്നു . ഞാനപ്പോഴും പ്ലാറ്റ്ഫോമിലാണെന്നു പെട്ടെന്നാണ് ഓര്‍മ്മ വന്നത് .. അപ്പോഴും ഒഴുകുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങിത്തുടങ്ങിയ ടെയിനിലേക്ക് ഓടിക്കയറി . സീറ്റിലെത്തി ഇരിക്കാന്‍ തുടങ്ങിയപ്പോഴാണ് കുടിക്കാനായി വാങ്ങിയ വെള്ളം ഇരുന്ന ബഞ്ചില്‍ വച്ച് മറന്നുവെന്നോർക്കുന്നത് . പത്രം അപ്പോഴും കയ്യിലുണ്ടായിരുന്നു . അലസ്സമായി പത്രത്തിന്റെ താളുകള്‍ മറിച്ചു വിരസ്സമായ വാര്‍ത്തകള്‍ ,നാട്ടില്‍ കാലം തെറ്റിയ മഴക്കെടുതികള്‍ , രാഷ്ട്രീയ നാടകങ്ങള്‍ , സച്ചിന്റെയും ഗാംഗുലിയുടെയും സെഞ്ചുറി ...എത്ര നേരം ആ പത്രം തിരിച്ചു മറിച്ചും വായിച്ചെന്ന് എനിക്കോര്‍മ്മയില്ല . ഞാന്‍ പത്രം മടക്കി ജനലിലേക്ക് വച്ചു . എതിര്‍ സീറ്റിലിരുന്ന ആള്‍ പത്രത്തിലേക്ക് നോക്കുന്നതു കണ്ടു . അദ്ദേഹത്തിനു നേര്‍ക്ക് പത്രമെടുത്തു നീട്ടി . “താങ്ക്സ് “ എന്നൊരു മുഖവുരയോടെ അദ്ദേഹമത് വാങ്ങി . “എവിടേക്കാ?” എന്ന ചോദ്യത്തിനു തിരുവനന്തപുരം എന്നു മറുപടി പറഞ്ഞു പിന്നാലെ വരുന്ന ചോദ്യങ്ങളെ ഒഴിവാക്കാനായി മെല്ല കണ്ണടച്ച് പിന്നിലേക്ക് ചാരി ഇരുന്നു . ഭാഗ്യം പിന്നീട് ചോദ്യങ്ങളൊന്നുമുണ്ടായില്ല . അദ്ദേഹം പത്രത്തിലേക്ക് തിരിഞ്ഞു .

കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു ഈ യാത്രയില്‍ എനിക്കെന്താണു സംഭവിച്ചത് . യാതൊരു പരിചയമില്ലാത്തവരോടു പോലും അങ്ങോട്ട് ഇടിച്ചു കയറി പരിചയപ്പെടുന്ന എനിക്കിതെന്തു പറ്റി . മറ്റുള്ളവരുടെ സാന്നിദ്ധ്യം തന്നെ എന്നില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്നു . അരുണേട്ടത്തിയുടെ അസുഖ വിവരം നാട്ടില്‍ വിളിച്ച് തിരക്കാമെന്നു വച്ചാല്‍ ആരോടാ തിരക്കുക ? കഴിഞ്ഞ മൂന്നു വര്‍ഷമായി എന്നോടുള്ള ഫോണ്‍ വിളികളല്ലാതെ ഏട്ടത്തിക്ക് വീടുമായി യാതൊരു വിധ ബന്ധങ്ങളുമില്ലല്ലോ? അമ്മയോട് ചോദിക്കാമെന്നു കരുതിയാല്‍ ,അവര്‍ക്കു കൂടി എന്റെ വിഷമം പകര്‍ന്നു കൊടുക്കാമെന്നല്ലാതെ ഒരു വിധ പ്രയോജനവും ഉണ്ടാകില്ല.അമ്മ അരുണേട്ടത്തിയെ കണ്ടിട്ട് മൂന്നു വര്‍ഷമാകുന്നു . ഞാന്‍ പറയുന്ന അരുണേട്ടത്തിയുടെ വിവരങ്ങളല്ലാതെ അമ്മക്ക് ഒന്നുമറിയില്ലല്ലോ. “ഊട്ടിയെന്താടാ പോസ്റ്റ് ഓഫീസോ ,ടെലിഫോണുമില്ലാത്ത നാടാണോ?” എന്ന അമ്മയുടെ ചോദ്യത്തിനു എന്നെ വിളിക്കാറുണ്ട് വല്ലപ്പോഴും എന്ന മറുപടി പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി നടക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമാകുന്നു . ഇതിനിടക്ക് രണ്ടോ മൂന്നോ പ്രാവശ്യം അരുണേട്ടത്തി അമ്മയെ വിളിച്ചിരുന്നെന്നു പറഞ്ഞിരുന്നു . പക്ഷേ അധികമൊന്നും സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്തെന്നാണ് അമ്മയുടെ പരാതി . “കോളേജ് അടക്കുമ്പോള്‍ പോലും അവളെന്താടാ ഇങ്ങോട്ട് വരാഞ്ഞത് , അവള്‍ പഴയതെല്ലാം മറന്നോ ?” എന്നൊക്കെയുള്ള അമ്മയുടെ പരാതിക്കെട്ട് അഴിക്കുമ്പോള്‍ “അവള്‍ പഴയതൊന്നും മറക്കാത്തതു കൊണ്ടാ വരാത്തത്” എന്ന് മനസ്സില്‍ ഓര്‍ക്കുമെങ്കിലും അവള്‍ക്ക് പ്രൊജെക്റ്റ് വര്‍ക്കുണ്ട് ,റിസര്‍ച്ചുണ്ട് .. എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവായിരുന്നു .


ട്രെയിന്‍ ഏതോ പേരറിയാത്ത പാലം കടക്കുന്ന താളം . ഞാന്‍ വാതില്‍ക്കലേക്കു നീങ്ങി , അടഞ്ഞു കിടന്ന ഡോര്‍ തുറന്നപ്പോള്‍ പാലക്കാടന്‍ കാറ്റിനോടൊപ്പം ചാറ്റല്‍ മഴത്തുള്ളികള്‍ എന്റെ മുഖം നനച്ചു . മഴ യുടെ തണുത്ത കാറ്റ് കമ്പാര്‍ട്ടുമെന്റിലേക്ക് കയറിയതില്‍ അതൃപ്തിയുണ്ടെന്ന് ചിലരുടെ മുഖ ഭാവങ്ങള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു . ഞാന്‍ അത് അവഗണിച്ചു കൊണ്ട് പടിയിലേക്കിരുന്നു . ഞാന്‍ പത്രം കൊടുത്ത കക്ഷിയെ നോക്കി . പുള്ളി മയക്കത്തിലാണ് . പത്രം സീറ്റിന്റെ അരികിലിരിക്കുന്നു . ഞാന്‍ കയ്യെത്തിച്ച് ആ പത്രമെടുത്തു . ഇരിക്കുന്നതിനു പിറകിലേക്ക് പത്രം നിവർത്തിയിട്ടു ,അതിലേക്ക് ചരിഞ്ഞു . കാലുകളിള്‍ മഴത്തുള്ളികളുടെ നനവ് ഏറ്റു കൊണ്ട് കിടക്കുമ്പോള്‍ മനസ്സിലേക്ക് അരുണേട്ടത്തിക്ക് പാലക്കാട് എസ് എന്‍ കോളേജില്‍ ഗസ്റ്റ് ലക്ചറായി ജോലി കിട്ടി ജോയിന്‍ ചെയ്യാനായി പോയ ദിവസ്സത്തിന്റെ ഓര്‍മ്മകളായിരുന്നു.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോമണ്‍ വെല്‍ത്തും ഇന്ത്യയും ... എന്റെ ചിന്തകള്‍

 




നൂറു കോടിയിലേറെ വരുന്ന ജനങ്ങളുടെ അഭിമാന നിമിഷങ്ങളായിരുന്നു 2003-ല്‍ ഡല്‍ഹിയെ ഗെയിംസിന്റെ വേദി ആയി തീരുമാനിക്കപ്പെട്ടപ്പോള്‍ . ഇത്രയും വലിയ ഒരു കായിക മാമാങ്കത്തിന് വേദി ആകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സില്‍ . പക്ഷെ എഴുവര്‍ഷങ്ങള്‍ക്ക് മുന്‍പേ തീരുമാനിക്കപ്പെട്ട ഒരു വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്ഷം മാത്രമാണ് ചൂട് പിടിച്ചത്‌ എന്നത് തന്നെ ഇതില്‍ അധികൃതരുടെ അനാസ്ഥ എടുത്തു കാണിക്കുന്നു . നാല്‍പതിനായിരം കോടിയോളം രൂപ അതും ജനങ്ങളുടെ നികുതി കൊണ്ട് ഇത്തരമൊരു കായിക മാമാങ്കം നടത്തുന്നതിന് മുന്‍പേ ചിന്തിക്കേണ്ടുന്ന മറ്റൊരു വിഷയം ഉണ്ട് . ഇന്ത്യയെ പോലെ ഒരു രാഷ്ട്രത്തിനു ഇത്തരം ഒരു ബാധ്യത തലയിലേറ്റുവാന്‍ കഴിവുണ്ടോ? എന്നത് .

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം , വെള്ളം ,പാര്‍പ്പിടം എന്നിവയില്‍ പൂര്‍ണ്ണമായും സ്വയം പര്യാപ്തമല്ലാത്ത ഒരു രാജ്യം ഇത്തരം ഒരു ബാദ്ധ്യതയ്ക്ക് വേദി ആകുന്നതിനു മുന്‍പ്‌ മൊത്തം ജനസംഖ്യയുടെ എണ്‍പത്‌ ശതമാനത്തിലേറെ വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടതകളും കാണണമായിരുന്നു . ഇത്തരം ഒരു മാമാങ്കം കൊണ്ട് ഇ സാധാരണക്കാരായ ജനങ്ങള്‍ക്ക യാതൊരു വിധത്തിലേ മുന്നേറ്റങ്ങളും ഉണ്ടാകില്ല എന്ന് മാത്രമല്ല എഴുപത്തിയൊന്ന് ലോക രാജ്യങള്‍ പങ്കെടുക്കുന്ന ഇത്തരം ഒരു കായിക മല്‍സരത്തിനു വേണ്ടി ചിലവഴിക്കപ്പെടുന്ന തുകയില്‍ ഉണ്ടാകുന്ന വന്‍ അഴിമതികള്‍ മൂലം ആരാജ്യങ്ങളില്‍ പരിഹാസ്യരാക്കപ്പെടുന്നത് ഓരോ ഭാരതീയനുമാണ് .

ശവപ്പെട്ടി മുതല്‍ ആയുധങ്ങളില്‍ വരെ , പഞ്ചസാര മുതല്‍ പാമോയില്‍ വരെ , അഴിമതി നടത്താന്‍ മടിക്കാത്ത ഒരു കൂട്ടം ആളുകള്‍ നടത്തുന്ന ഈ പ്രഹസനങ്ങളില്‍ നിന്നും മറ്റെന്താണ് ജനങ്ങള്‍ പ്രതീക്ഷിക്കെണ്ടത്‌ ?വന്‍ തുകകള്‍ക്ക് കരാര്‍ ചെയ്യപ്പെടുന്ന റോഡുകളില്‍ ആദ്യ വാഹനം പോയതിന്റെ പിന്നാലെ ഒട്ടിപ്പോകുന്ന താറുകള്‍ ,രാഷ്ട്രീയക്കാര്‍ മാറിയും തിരിഞ്ഞും കല്ലിട്ടു കല്ലിട്ടു അവസാനം കൊട്ടി ഘോഷിക്കപ്പെട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലങ്ങള്‍ വഴിയാത്രക്കാരുടെ ജീവനുകള്‍ അപഹരിക്കപ്പെടുന്ന ഒരു രാജ്യത്തെ പൊതുജനം കഴുതകള്‍ ആണെന്ന വിശ്വാസം കരാര്‍കാര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും ഉണ്ടായതില്‍ അത്ഭുതമില്ല. പക്ഷെ അത് എഴുപത്തിയൊന്ന് രാജ്യങ്ങള്‍ സസൂഷ്മം വിലയിരുത്തുന്ന ഒരു കായിക മേളക്കായുള്ള വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വരാതെ നോക്കെണ്ടിയിരുന്നത് ആയിരുന്നു . ഇത് ഇത്തരതിലായി മാറിയതില്‍ മുഖ്യ പങ്ക് രാഷ്ട്രീയ ചൂഷകര്‍ക്ക് തന്നെയാണ് . ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ഇതാണല്ലോ അവരുടെ മുദ്രാ വാക്യം .

കായിക ഇനങ്ങളുടെ തടസ്സങ്ങള്‍ മൂലമല്ലാതെ ഉണ്ടാകുന്ന മേളയിലെ എന്ത് നഷ്ടങ്ങളും എഴുനൂറ്റി അന്‍പതോളം കോടി രൂപയ്ക്കാണ് ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടിരിക്കുന്നത് . കോടികളുടെ ക്രമക്കേടുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു വ്യക്തമായിട്ടും ഇത്രയും വിശ്വാസ്യതയോടെ ഒരു കമ്പനി ഇത്രയും കോടി രൂപയുടെ നഷ്ട പരിഹാര കരാര്‍ എങ്ങിനെ നല്‍കി എന്നതിലാണല്ഭുതം. എന്ത് സാഹചര്യത്തിലും അഴിമതിക്കാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ആകുന്നു എന്നതാണ് ഇന്ത്യയുടെ ശാപം .
ലോകം ഉറ്റു നോക്കുന്ന ഒരു കായിക മേളയുടെ വേദിയില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം വിവാദങ്ങളും പരിഹാസങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു ഇന്ത്യയ്ക്ക്‌ പുറത്തു ജോലി ചെയ്യുന്ന ഇന്ത്യാക്കാരെയും , വിശ്വാസ്യതയോടെ കരാര് പണികള്‍ എടുക്കുന്ന ഇന്ത്യന്‍ നിര്‍മ്മാണ കമ്പനികളെയുമാണ്. അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി പരിഹസിക്കുവാന്‍ വിദേശികള്‍ക്ക് ഒരു കാരണമായി ഇത്തരം ദുര്‍ഗന്ധപൂരിതമായ അഴിമതികള്‍ മാറുമ്പോള്‍ നാറുന്നത് ഓരോ ഇന്ത്യാക്കാരനുമാണ് .

നേതാക്കള്‍ മാറിയും തിരിഞ്ഞും ഔദ്യോഗിക ഗാനങ്ങള്‍ ഇറക്കി രസിക്കുമ്പോള്‍ ഒന്നോര്‍ക്കുക , നിങ്ങള്‍ ഈ ഒഴുക്കി കളയുന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ രക്തവും വിയര്‍പ്പുമാണെന്നു , ആ സാധാരണക്കാരില്‍ ഒരാള്‍ക്ക് പോലും ഒരു വിധ പുരോഗതിയും നല്‍കാനാകാത്ത ഇത്തരമൊരു പണക്കൊഴുപ്പിന്റെ മേള നിങ്ങള്‍ കാഴ്ച വയ്ക്കുന്നത് തുച്ഛമായ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്കും , സമ്പന്നര്‍ക്കും മാത്രമായിട്ടല്ലേ , അതിനായി ഈ ഭാരതത്തിന്റെ അഭിമാനം പണയം വച്ച് കളിക്കുന്ന നിങ്ങള്‍ക്ക്‌ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഖേദിക്കുവാനും ,നഷ്ടപരിഹാര വാഗ്ദാനങ്ങള്‍ നല്‍കുവാനും, അന്വേഷണ ഉത്തരവിടാനും മാത്രമേ കഴിയൂ . നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇത്തരം നാണക്കേടുകള്‍ ഒഴിവാക്കുവാന്‍ കഴിയുന്നതല്ലേ , ദുരന്തങ്ങള്‍ക്ക് ശേഷം ഖേദിക്കുന്നതിലും നന്നല്ലേ ദുരന്തങ്ങള്‍ ഉണ്ടാകാതെ നോക്കുന്നത് .

ഒരു ചെറിയ വാല്‍ക്കഷണം , ഇനി പത്തു നാളുകള്‍ കൂടി മാത്രമേ ഉള്ളൂ മേളക്ക് . മേള കാണുവാന്‍ വരുന്ന വിദേശികളെ പരിശോധിക്കുന്നവര്‍ ആ ജോലി കൃത്യമായി ചെയ്യട്ടെ , സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചാല്‍ നാളെ നിങ്ങള്‍ക്ക്‌ ഒരു ഖേദപ്രകടനം നടത്തേണ്ടുന്ന കാര്യമേ ഉള്ളൂ , പക്ഷെ അപ്പോഴേക്കും എരിഞ്ഞടങ്ങുന്നത് ആയിരങ്ങളുടെ ജീവനാകും ഓര്‍ക്കുക .....

2010, ജൂലൈ 15, വ്യാഴാഴ്‌ച

മതത്തിനു മുകളില്‍ ദൈവത്തിനു മീസാന്‍ കല്ല്‌ പണിയുന്നവര്‍ ...!!!

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു തലമുറയില്‍ നിന്നും , മനുഷ്യനു എന്ത് സംഭവിച്ചാലും മതം നന്നായാല്‍ മതി എന്നാ നിലയിലേക്ക്‌ കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചവര്‍ ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം കരുതാന്‍ . കാരണം ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം അത്തരത്തിലെ ഒരു തിരിച്ചറിവിലെക്കാണ് വിരല്‍ ചൂണ്ടുന്നത്‌. മനുഷ്യന്‍ ഉണ്ടായ കാലം ഒരു മത പ്രവാചകനും , അവതാര പുരുഷന്മാരും , ദൈവ പുത്രന്മാരും ഓരോ സമൂഹത്തിലും ഉണ്ടായിട്ടുണ്ട് . അവരെല്ലാം സമത്വ സുന്ദരമായ ഒരു സാമൂഹിക ജീവിതത്തിനായി ഒരുപാട് നിയമങ്ങളും ജീവിത രീതികളും, വീക്ഷണങ്ങളും മനുഷ്യ സമൂഹത്തിനു പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട് , അത് അവരുടെ ജീവിതത്തിലൂടെ ആയിരുന്നു എന്നതാണ് ശ്രദ്ധേയം . പക്ഷെ അവരിലാരും ഒരിക്കലും തന്റെ മതത്തെ സംരക്ഷിക്കുവാനായി മറ്റൊരു മതസ്ഥനെ വധിക്കുവാന്‍ ആരെയും പ്രേരിപ്പിച്ചിട്ടില്ല . മനുഷ്യനെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചു എന്നത് തന്നെയാണ് അവരെ മഹാന്മാരാക്കിയതും . പക്ഷെ ഇന്ന് അവരുടെ അനുയായികള്‍ മതത്തിന്റെ സംരക്ഷണത്തിന് എന്നാ പേരില്‍ ആയുധവുമായി തെരുവില്‍ ചവിടുന്ന നാടകങ്ങള്‍ക്ക് മറയായി ഉപയോഗിക്കുന്നതും അവരുടെയൊക്കെ വാക്കുകള്‍ തന്നെയാണെന്നത് അതീവ ദുഃഖം ഉളവാക്കുന്ന സംഗതിയാണ് . നന്മക്കായി അവര്‍ പറഞ്ഞതിനെ തിന്മ ചെയ്യുകയും അതിനു മറയായി ഉയര്‍ത്തി കാണിക്കുകയും ചെയ്ത ഒരു ദുഷിച്ച വിഭാഗം ചെയ്തത് പിന്തുടരാനും നൂറു ശതമാനം സാക്ഷരരും അഭ്യസ്ത വിദ്യരും ആയ ഈ തലമുറയിലും ആളുകള്‍ തയ്യാറാകുന്നു എന്നത് വിരോധാഭാസമായി തോന്നുന്നു .



മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ പറയുന്നത് ഈ ലോക സൃഷ്ടാവും പരമ കാരുണികനും ആയ ദൈവത്തിന്റെ സൃഷ്ടിയാണ് ഈ പ്രപഞ്ചം എന്നാണു . എങ്കില്‍ ഒന്ന് ചോദിക്കട്ടെ ഏതു മതത്തില്‍ വിശ്വസിക്കുന്നവനും ഏതു തരം ആരാധനാ രീതി പിന്തുടരുന്നവനും അതെ ദൈവത്തിന്റെ സൃഷ്ടി അല്ലെ? അപ്പോള്‍ ഒരേ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യര്‍ തമ്മില്‍ , മതത്തിന്‍റെയും ദൈവത്തിന്റെയും പേരില്‍ തമ്മില്‍ നടത്തുന്ന ഈ യുദ്ധത്തിനു എന്താണ് പ്രസക്തി ? അല്ല മറ്റു മതസ്ഥര്‍ വേറെ ദൈവത്തിന്റെ സൃഷ്ടി ആണെന്ന് വാദിച്ചാല്‍ , പിന്നെ നിങ്ങളുടെ വിശ്വാസതിനെന്തു പ്രസക്തി ?

അല്ല നിങ്ങളുടെ ആരാധനാ രീതി പിന്തുടര്‍ന്നാല്‍ മാത്രമേ ദൈവസൃഷ്ടി ആകൂ എന്ന് ശഠിച്ചാല്‍ പിന്നെ ദൈവതിനെന്തു പ്രസക്തി . മതത്തിന്റെ സംരക്ഷണത്തിനായി എന്ന് പറഞ്ഞു നിങ്ങള്‍ മറ്റു മതസ്ഥരെ വെട്ടുന്ന ഓരോ വെട്ടും നിങ്ങളുടെ മനസ്സിലും മറ്റുള്ളവരുടെ മനസ്സിലും ദൈവത്തിനായി വെട്ടുന്ന ശവക്കുഴിയായി മാറുകയാണ് . അത് ഹിന്ദു മത സംരക്ഷകരായാലും , ഇസ്ലാം മത രക്ഷകരായാലും , കൃസ്ത്യന്‍ മത സംരക്ഷകരായാലും എല്ലാം ഫലത്തില്‍ ഒന്ന് തന്നെ ആയി തീരുന്നു .



ഒരു പൊതു ഉത്ഭവത്തില്‍ നിന്നും ഉണ്ടായ മനുഷ്യര്‍ തമ്മില്‍ മതം വിശ്വാസം എന്നിവ പറഞ്ഞു വിഘടിച്ചു നൂറു കണക്കിന് മതങ്ങളും , അതില്‍ ആയിരക്കണക്കിന് ഉപ വിഭാഗങ്ങളും ഉണ്ടായത് അസഹിഷ്ണുതയില്‍ നിന്നും അധികാര ഭ്രാന്തില്‍ നിന്നും ആണ് .



ഈ മതങ്ങളെല്ലാം പറയുന്നത് ഒരേ തത്വങ്ങള്‍ തന്നെയാണ് . മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെന്നും ദൈവത്തെ ആരാധിച്ചാല്‍ നന്മ വരും എന്നുമാണ് . ഒരു പൊതു സമൂഹത്തെ നേര്‍വഴിക്ക് നയിക്കുവാനായി വിവരമുള്ളവര്‍ മതത്തിന്റെ ചട്ടകൂടുകളും , നിബന്ധനകളും എങ്ങിനെ ജീവിക്കണം എന്നുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുതു തലമുറക്ക്‌ നല്‍കി . പക്ഷെ അതിലെ ഓരോരുത്തരും അത തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച് ഉപയോഗിക്കുകയും , തന്റെ ലക്ഷ്യങ്ങള്‍ക്കായി സഹകരിക്കാന്‍ തയ്യാരുള്ളവരുമായി കൂടി ചേര്‍ന്ന് ഉപ വിഭാഗങ്ങളും സംഘടനകളും ഉണ്ടാക്കുകയും ചെയ്തു പോന്നു . ഇത്തരത്തിലെ വിഭാഗങ്ങള്‍ തമ്മിലും , മറ്റു മതത്തിലെ അധികാര മോഹികളും തമ്മിലുള്ള എറ്റുമുട്ടലുകള്‍ മത വിഭാഗീയതകള്‍ക്കും പരസ്പര വിദ്വെഷങ്ങള്‍ക്കും കാരണ ഹേതുവായി തീര്‍ന്നു . ആ കാലഘട്ടത്തില്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ന്യായീകരിക്കുവാനായി തങ്ങള്‍ വളച്ചൊടിച്ചു ഉപയോഗിക്കുന്ന വാക്കുകളെ മതത്തിന്റെ പരിവേഷം അണിയിചെടുത്തു തങ്ങളാണാ മതത്തിന്റെ രക്ഷകര്‍ എന്ന് സ്ഥാപിച്ചെടുത്തു അക്കൂട്ടര്‍. അവരുടെ പാത പിന്തുടര്‍ന്ന് ഇന്നും ആടുകളെ ഇടിപ്പിച്ചു ഇടയില്‍ നിന്ന് രക്തം കുടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെന്നായ്ക്കള്‍ നമുക്കിടയിലും ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു . അത മത ,ദൈവ, സംസ്കാര പോയ്‌ വാക്കുകള്‍ കൊണ്ട് കണ്ണ് കെട്ടിയിട്ടാണെന്നു മാത്രം .. അത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും , ഭാവി തലമുറയിലേക്ക് എങ്കിലും ഇത്തരം വിഷ ബീജങ്ങള്‍ വ്യാപിക്കുന്നത് തടയുകയും ചെയ്യാന്‍ നമ്മള്‍ ഓരോരുത്തരും കരുതിയെ മതിയാകോ . ഒഴുക്കിനനുസരിച്ചു നീന്താം എന്നെങ്കിലും ഒരു നല്ല കാലം വരും എന്നാ മിധ്യാധാരണയില്‍ മൌനം പാലിച്ചാല്‍ ഭാവിയില്‍ ഒഴുകി നടക്കുന്ന കബന്ധങ്ങള്‍ നോക്കി നെടു വീര്‍പ്പിടുവാന്‍ മാത്രമേ നമുക്ക്‌ കഴിയുകയുള്ളൂ .



അപ്പോള്‍ ചോദിക്കാം മത ഭ്രാന്ത്‌ മാത്രമാണോ ഈ ലോകത്തിനെ നശിപ്പിക്കുന്നത് എന്ന് . തീര്‍ച്ചയായും അല്ല . അധികാര ഭ്രാന്തും , പണക്കൊതിയും ഒക്കെ ലോകത്തിനെ നശിപ്പിക്കുന്ന വിഷങ്ങള്‍ തന്നെയാണ് . അധികാരത്തിനായി രാഷ്ട്രീയവും , മതവും ആയുധമാക്കുന്നവര്‍ തന്നെയാണ് ഇന്ന് കാണുന്ന ഈ കലാപങ്ങള്‍ക്കും , തമ്മില്‍ തല്ലിനും ഒക്കെ കാരണ ഭൂതര്‍ .മതഭ്രാന്തിനെ അനുകൂലിക്കുന്നവര്‍ ഭയപ്പെടുന്നതും എതിര്‍ക്കുന്നതും ഏറ്റവും കൂടുതല്‍ കമ്യൂണിസത്തെയാണ് . കാരണം കമ്യൂണിസം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രച്ചരിപ്പിക്കപ്പെട്ടാല്‍ അത് ഈ അധികാര പ്രമത്തതയ്ക്ക്‌ കടിഞ്ഞാണിടും എന്ന ഭയം ആണ് എല്ലാ തരം മത സംരക്ഷകരും ഒരേ സ്വരത്തില്‍ കമ്യൂണിസത്തെ എതിര്‍ക്കുവാന്‍ മുന്നോട്ടു വരുന്നത് . മതത്തിനോ ദൈവത്തിനോ എതിരായി ഉള്ള ഒരു ആശയ സംഹിതയാണ് കമ്യൂണിസം എന്നാ അവരുടെ പ്രചാരണവും , മത ഭ്രാന്തിനാല്‍ നഷ്ടമായ ജീവനുകളെക്കാള്‍ ഉപരിയായി കമ്യൂണിസ്റ്റ് വിപ്ലവ പോരാട്ടങ്ങളില്‍ നഷ്ടമായിട്ടുണ്ട് എന്നാ വാദമുഖങ്ങളും കാണിക്കുന്നത് അത്തരത്തിലെ അവരുടെ ഭയം തന്നെയാണ് . ഏതു മതത്തിന്റെ പേരിലും സംഘടിക്കുവാനും അവരുടെ ആശയ വിനിമയത്തിനും ഒരു ഭരണഘടനയും എതിരല്ല , പക്ഷെ സംഘാടനവും ആശയ പ്രചാരണവും മറ്റൊരു മനുഷ്യന് മേല്‍ അധീശത്വം സ്ഥാപിക്കുവാനായി ആകുമ്പോള്‍ അതിന്റെ സ്വഭാവം മാറും. അത്തരം സംഘടനകളെ വോട്ടു ബാങ്കുകളായി മാറ്റുന്ന പ്രീണനരാഷ്ട്രീയമാണ് ഇന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ളത് . മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടി കുഴച്ചു അധികാരതിനായി കാണിക്കുന്ന മൂന്നാം കിട തെരുവ് നാടകങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള ഒരു ജനതയെ തെറ്റിധാരണാജനകമായ വാക്കുകളും പ്രവര്‍ത്തികളും കൊണ്ട് കണ്ണുകെട്ടി അധികാര കസേരകള്‍ക്കായി വടം വലി നടത്തുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്കോ ഈ നാടിനെ ഈ ദുരവസ്ഥയില്‍ നിന്നും രക്ഷിക്കാനാകില്ല .





മനുഷ്യന്‍ വികസിത സമൂഹമായി മാറിയപ്പോള്‍ സാമ്രാജ്യത്വ ,മുതലാളിത്ത , ജനാധിപത്യ പ്രക്രിയകള്‍ക്ക് അനുസൃതമായി നിലവില്‍ വന്ന അധികാര പ്രമത്തതയും , രാഷ്ട്രീയ പ്രബുദ്ധതയും മനുഷ്യനെ പുതിയ തലങ്ങളിലേക്ക്‌ കൊണ്ട് വന്നു എന്നത് നേര് പക്ഷെ വിശക്കുന്ന കുഞ്ഞിന്റെ നിലവിളികള്‍ക്ക് ആശ്വാസം പകരാതെ നാടിനെ നന്നാക്കാന്‍ എന്ന് പറഞ്ഞു സ്വന്തം കാര്യം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനും , അധികാരിയും, മത മേധാവിയും ഒരിക്കലും നീതിമാനാകില്ല , മനുഷ്യന് മുന്നിലും ദൈവത്തിനു മുന്നിലും ..



ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് കൂറ് പാക്കിസ്ഥാനോടാനെന്നും , നിങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടില്ലെങ്കില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ അടക്കി ഭരിക്കുമെന്നും ചെവിയില്‍ അതി തീവ്ര ഹിന്ദുത്വം വേദമായി ഒഴുക്കി ഹിന്ദുത്വ വാദികള്‍ വാര്‍ത്തെടുക്കുന്ന പല ദൈവ നാമ സേനക്കാരും , നിങ്ങള്‍ ആയുധമെടുതില്ലെങ്കില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഇന്ത്യയിലെ ന്യുന പക്ഷമായ ഇസ്ലാമിന് കഴിയില്ല അത് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ദൈവതിനെയും മതത്തിനെയും സംരക്ഷിക്കാന്‍ ആയുധമെടുക്കൂ എന്ന് ഓതി പഠിപ്പിച്ചു വളര്‍ത്തിയെടുക്കുന്ന ചില ഇസ്ലാമിക നാമത്തിലെ സംഘടനകളും

, ഇടതും വലതും നടുക്കും നിന്ന് അധികാരം എന്നാ അപ്പ കഷണതിനായി തരാതരം പോലെ എല്ലാതരക്കാര്‍ക്കും വിട് വേല ചെയ്തു നാട് കുട്ടി ചോരാക്കുന്ന ചീഞ്ഞളിഞ്ഞ രാഷ്ട്രീയം വിളമ്പുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും

ഒന്നോര്‍ക്കുക .. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും , പറയുന്ന ഓരോ വാക്കും .. നിങ്ങളുടെ രാഷ്ട്രീയ,ദൈവ വിശ്വാസങ്ങള്‍ക്ക് മേല്‍ നിങ്ങള്‍ പണിയുന്ന മീസാന്‍ കല്ലുകളാകുന്നു ....





മതത്തിന്റെ പേരില്‍ അധികാരത്തിനായി വെട്ടുവാന്‍ നടക്കുന്നവരോട് അവസാനമായി ഒരു അപേക്ഷ ... തല മുറകള്‍ കൈമാറി നിങ്ങള്‍ക്ക്‌ കിട്ടിയ അസഹിഷ്ണുതയും , വിവരമില്ലായ്മയും , സ്വന്തം മതത്തെ കുറിച്ച് അറിഞ്ഞാല്‍ എല്ലാ അറിവുമായി എന്നാ അബദ്ധ ധാരണകളും , ഈ വിഷം നിറഞ്ഞ മനസ്സും വരുന്ന തലമുറയിലേക്ക് എങ്കിലും പകരാതെ നോക്കൂ ... ഇല്ലെങ്കില്‍ നിങ്ങളുടെ വരും തലമുറക്ക്‌ മരണഭയമില്ലാതെ ജീവിക്കുവാനും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമായെക്കാം ...

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

കൊഴിയുന്നപൂവുകള്‍






പൂക്കള്‍ കൊഴിഞ്ഞൊരാ പൂമരച്ചില്ലയില്‍ നിന്നൊരു

പൂങ്കുയില്‍ തന്‍ വിഷാദ ഗാനം മുഴങ്ങുന്നു

ഏതു ദേവനു നേദിക്കുവായി നീയീ പൂക്കള്‍ കവര്‍ന്നത്

അടർന്നുവീണൊരീ പൂവുകള്‍ക്കെല്ലാമിന്നൊരേ നിറം



പാപികള്‍തന്‍ കല്ലേറിനാല്‍ മുറിവേറ്റൊരീ മരച്ചില്ലകളില്‍

നിന്നുതിരും ചുടു നിണത്തിൻ ചാലുകൾ തെളിയവേ

വിടരുവാൻ വെമ്പുന്ന മുകുളങ്ങൾ വാടിക്കൊഴിയുന്നു

വിടരും‍മുൻപേ അടരുവാൻ വിധിക്കപ്പെട്ട ബാല്യങ്ങളുടെ തേങ്ങലുകൾ



അടർന്ന പൂവുകൾ തിരികെചേരില്ലൊരിക്കലും

അറിയാമിതെന്നാലുമാശിച്ചു പോകുന്നു ഞാൻ

ആ നഷ്ടവസന്തം തിരികേ വരുമെന്ന്

ആശകളെല്ലാം സഫലമാകുകിലീ പാരിതെത്ര സുന്ദരം



മണ്ണിൽ അലിയുമീ പൂവുകൾ തൻ

മുകളിലായുയരുന്ന ബലികുടീരങ്ങളിൽ

നിന്നുയരുമീ തേങ്ങലുകൾ അഗ്നി വർഷമായി

നെഞ്ചകങ്ങളിൽ പെയ്തിറങ്ങവേ നീ നേടുവതേതു സ്വർഗ്ഗം



ഒരുനാളിൽ വരുമൊരാ വസന്തത്തിൻ

ഓർമ്മകളിൽ മനം തുടിക്കുന്നു

മുറിവേറ്റു പിടയുമീ പൂവുകൾ തൻ മുറിവിൽ

മാധുര്യമൂറും വാത്സല്യത്താൽ തഴുകുവാൻ



ഒരു പൂവിന്നിളം പുഞ്ചിരി തെളിയുന്നു ദൂരേ

ഘോരാന്ധകാരത്തിനുമക്കരെ,

ഒരു ദീപനാളമെരിയുന്നു പ്രത്യാശതന്‍ കിരണമായ്

ചക്രവാള സീമകള്‍ക്കുമുയരെയായ്

2009, നവംബർ 27, വെള്ളിയാഴ്‌ച

എരിയുന്ന നഗരങ്ങള്‍ , കരിയുന്ന സ്വപ്നങ്ങള്‍ ...!!!




എരിയുന്ന നഗരങ്ങള്‍ ആരുടെ സ്വപ്നമാണ് ?

ചോരയില്‍ മുങ്ങിക്കരയുന്ന ബാല്യങ്ങള്‍ ,
അധികാരഭ്രാന്തിന്റെ ബലിമൃഗങ്ങളോ?

ഹരിതാഭമായ ഈ ഭൂമിയെ ചുവപ്പിച്ച് ഇവര്‍ നേടുന്നതേതു സ്വര്‍ഗ്ഗം?

വിധവകളേയും അനാഥബാല്യങ്ങളേയും സൃഷ്ടിച്ചിട്ട്
അധികാരമോഹികള്‍ ന്യായീകരിക്കുന്നതെന്ത് ?

വര്‍ഗ്ഗീയ ഭീകരതയോ അതവരുടെ തന്നെ സൃഷ്ടിയല്ലേ ?

മതവര്‍ഗ്ഗവര്‍ണ്ണഭാഷാ ഭേദത്താല്‍ അതിരിടുന്നതാര്‍ക്ക് ?

സർവ്വം നിയന്ത്രിക്കുന്ന എല്ലാം കാണുന്ന ഈശ്വരൻ അന്ധനായോ?

അതോ അവതാരങ്ങളുടേയും പ്രവാചകന്മാരുടേയും പണിപ്പുരയിലാണോ?

മനുഷ്യ നന്മക്കായി സ്വന്തം മാംസവും രക്തവും ദാനം ചെയ്ത
ദൈവപുത്രന്റെ പിന്മുറക്കാരന്‍
വിശന്നുകരയുന്നവനു വെടിയുണ്ടകൊണ്ട് അത്താഴമൊരുക്കുന്നത് എന്തുന്യായത്താല്‍ ?

ദേവാലയങ്ങള്‍ ആയുധപ്പുരകളാക്കി പടയൊരുക്കം നടത്തുന്നത് ആര്‍ക്കെതിരേ?

സനാതനധര്‍മ്മമെന്നാല്‍ അനാഥരെ സൃഷ്ടിക്കാനുള്ള അവകാശമെന്നാണോ?

അധികാരം എന്ന അപ്പക്കഷണത്തിനായി
ഏതു ദൈവ വചനം ഉരുവിട്ടും ആര്‍ക്കും ആരേയും കൊല്ലാം
അതു ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ നമ്മുടെ വിജയഗാഥയായി ചേര്‍ക്കപ്പെടും .....

മനുഷ്യന്‍ പരിണമിച്ചതിനു ശേഷം ദൈവം എന്ന സങ്കല്പം അതി സങ്കീര്‍ണ്ണമായിത്തീരുകയും അതില്‍ നിന്നും ആവിര്‍ഭവിച്ച മതചിന്തകളും അവനെ പരസ്പരം വിഭജിക്കുന്നതിനു വലിയ പങ്ക് വഹിച്ചു .

മതവും അതില്‍ നിന്നും ഉടലെടുക്കുന്ന ഭീകരതകളും ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുമായി കൂട്ടി വായിക്കുമ്പോള്‍ ദൈവ ചിന്തകളുടെ യഥാര്‍ഥ മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുന്നു എന്നു തോന്നുന്നു .

മൂല്യങ്ങളും ബിംബങ്ങളും കച്ചവടവൽക്കരിക്കപ്പെടുമ്പോള്‍ ,വിശ്വാസഹാനി നേരിട്ട തലമുറകള്‍ പ്രതിക്ഷേധത്തിന്റെ അഗ്നിയുമായി തെരുവില്‍ ആയുധ നൃത്തം നടത്തുമ്പോള്‍ എരിയുന്ന നഗരങ്ങളുടെ ഉടമകളാകുന്നു നമ്മൾ.

സമൂഹ നന്മയ്ക്കായി മാറേണ്ട ചിന്തകള്‍ മതത്തിന്റെ ചങ്ങല കൊണ്ട് ബന്ധിച്ച് മത മേലാളന്മാരുടെ സങ്കുചിത താല്പര്യങ്ങള്‍ക്കായി മാറ്റുമ്പോള്‍ , ജീവിതം എരിച്ചു തീര്‍ക്കാന്‍ കണ്ണു കെട്ടിയ കുതിരകളായി യുവജനതയെ വാര്‍ത്തെടുക്കുന്നു ഓരോ മതങ്ങളും .

എരിയുന്ന നഗരങ്ങളും പിടയുന്ന ബാല്യങ്ങളും തുടര്‍ക്കഥയായിത്തന്നെ തുടരും ...

നിസ്സഹായരാണ് നാമിവിടെ ....

2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

മൃത്യുഞ്ജയം

മന്ദാരപ്പൂക്കൾ ചിതറുന്ന വഴിയിലും കൈതപൂക്കുന്ന കരയിലും

മരണം മണക്കുന്നു ചിന്തകളിൽ പോലും ചോരയുടെ ചൂര്

മൃത്യുവിൻ ദൂതന്മാരലറിപ്പായുന്നു ,പൊട്ടിത്തെറിക്കുന്നു അരിഞ്ഞു

മറയുന്നു , കാലത്തിൻ ഗതിവേഗത്താലവർ വാഴ്ത്തപ്പെട്ടവരാക്കുന്നു

പച്ചമാമംസം കത്തുന്ന ഗന്ധം പരക്കുന്നു ചുറ്റിലും

പാതിരാവിലും കാവൽ നാടകം നടത്തുന്നവർ കണ്ണടക്കുന്നു

പച്ചജീവൻ അലറിപ്പിടയുന്നതവർ ബധിര കർണ്ണത്തിലേറ്റുവാങ്ങുന്നു

പന്തം കൊളുത്തിയവർ പ്രകടനം നടത്തുന്നു വെറും പ്രകടനം

കിനാവിൽ പ്രിയതമൻ വരുന്ന മുഹൂർത്തം കാണുന്ന

കാമിനി തൻ കൈകളിലേക്കവൻ ചേതനയറ്റ ശരീരമായെത്തുന്നു

കരിന്തിരികത്തിയ മൂവന്തിയിൽ മരണദൂതുമായവനെത്തുന്നു

കരിഞ്ഞ സ്വപ്നത്തിൻ ബാക്കിപത്രമായി പുത്രിതൻ

ചെന്നായ്ക്കൾ കടിച്ചുകീറി രക്തമൂറ്റിയ ദേഹമെത്തുന്നു

ചുവരിൽ തൂങ്ങുന്ന ദൈവചിത്രങ്ങൾ പല്ലിളിക്കുന്നു

ചുവന്ന കടലാസ്സിലുറങ്ങുന്ന മൃത്യുഞ്ജയഹോമത്തിൻ ബാക്കി പത്രം

ചെമ്പനീർപ്പൂവു ചൂടിച്ച് മൈലാഞ്ചിയിട്ട കൈകൾക്ക്

കൈവിറക്കാതെ ഉന്നം പിഴക്കാതെ ലക്ഷ്യം ഭേദിക്കാനായി

കാഞ്ചിവലിക്കാൻ പഠിപ്പിക്കാം നമുക്കിനി അതാകട്ടെ

കലികാലത്തിൻ മൃത്യുഞ്ജയ മന്ത്രം …

2009, ജൂലൈ 5, ഞായറാഴ്‌ച

ഇന്‍റര്‍വ്യൂ 2

നിരഞ്ജനെ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ പ്രശസ്ത അഭിമുഖ സംഭാഷകന്‍ . അദ്ദേഹത്തിന്‍റെ മറ്റൊരു പ്രശസ്തമായ ഇന്‍റര്‍വ്യൂവിലേക്ക് നിങ്ങളെ ഞാന്‍ കൂട്ടികൊണ്ട് പോകട്ടെ ...
നമ്മുടെ സ്വന്തം ബുഷ്‌ അണ്ണനുമായിട്ടാണ് ഇത്തവണത്തെ ഇന്‍റര്‍ വ്യൂ .നമ്മടെ കൊച്ചു ജോര്‍ജ്ജ് ബുഷ്‌ അണ്ണനെ .നല്ല കൊല്ലം സ്ലാങ്ങില്‍ തന്നെയാ നമ്മുടെ ബുഷണ്ണന്‍ നിരഞ്ജനോട് കത്തിവച്ചത് അതു കൊണ്ട് പരിഭാഷപ്പെടുത്തുക എന്ന ബുദ്ധിമുട്ട് എനിക്കൊഴിവായി.ഇല്ലെങ്കില്‍ ഹോ നിങ്ങള്‍ എന്നെ സഹിക്കുന്ന കാര്യം എനിക്കാലോചിക്കാന്‍ കൂടി വയ്യ ....

നിരഞ്ജന്‍ : നമസ്ക്കാരം .

ബുഷ്‌ : നമസ്ക്കാരം .

നിരഞ്ജന്‍ : താങ്കളുടെ പേര്‍ ?

ബുഷ്‌ : ജോര്‍ജ്ജ് ബുഷ്‌ ...ശേ അല്ല വെറും ബുഷ്‌


നിരഞ്ജന്‍ :താങ്കള്‍ക്ക് എത്ര വയസ്സായി ?

ബുഷ്‌ : എനിക്ക് അത്രയധികം വയസ്സോന്നും ആയില്ല ഇപ്പോഴും ചെറുപ്പം മാറാത്ത എന്നെ എല്ലാവരും കൂടി റിട്ടയര്‍ ചെയ്യിച്ചു .

നിരഞ്ജന്‍ : അങ്ങയുടെ തൊഴില്‍ മേഖല ഏതാണ് ?

ബുഷ്‌ : ഇനി വല്ല തൊഴിലും കണ്ടെത്തേണ്ടിയിരിക്കുന്നു .

നിരഞ്ജന്‍ : ഇപ്പോള്‍ താങ്കള്‍ എന്ത് ചെയ്യുന്നു ?

ബുഷ്‌ : ആരോപണങ്ങളില്‍ നിന്നും പാദരക്ഷകളില്‍ നിന്നും അതി വിദഗ്ദ്ധമായി എങ്ങിനെ ഒഴിഞ്ഞു മാറാം എന്ന് ഗവേഷണം നടത്തുന്നു .

നിരഞ്ജന്‍ :ഏറ്റവും അടുത്ത സുഹൃത്ത്‌ ?

ബുഷ്‌ : ഒരുപാട് പേര്‍ ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ആരെയും കാണുന്നില്ല...

നിരഞ്ജന്‍ : ഈ ജീവിതത്തിനിടക്ക് ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ടോ ?

ബുഷ്‌ : ഒരു പാട് പേര്‍, അമേരിക്കയില്‍ തന്നെയാണ് അധികവും എന്നുള്ളത് കൊണ്ട് വെളിയില്‍ പോയി അടി വാങ്ങണ്ട ഇവിടെ തന്നെ കിട്ടുന്നുണ്ട്‌

നിരഞ്ജന്‍ : താങ്കള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട ജോലി എന്താണ് ?

ബുഷ്‌ : ഒന്നേ ഒന്ന് യുദ്ധം ചെയ്യുക...ഞാനല്ല എന്‍റെ പട്ടാളക്കാര്‍ ചെയ്യുക എനിക്കത് കാണുക...

നിരഞ്ജന്‍ : താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം ഏതാണ് ?

ബുഷ്‌ : പുലി വാല്‍ ഹോ അത് കഴിഞ്ഞിട്ടേ ഞാന്‍ ഈ ലോകത്ത് എന്നെപ്പോലും ഇഷ്ടപ്പെടുന്നുള്ളൂ .

നിരഞ്ജന്‍ : ഈ ജീവിതത്തിനിടക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ?

ബുഷ്‌ : അമേരിക്കയുടെ ഇപ്പോഴത്തെ സാമ്പത്തികനില .

നിരഞ്ജന്‍ : മറക്കാന്‍ ആഗ്രഹിക്കാത്ത സംഭവം ?

ബുഷ്‌ : വേള്‍ഡ്‌ ട്രേഡ്‌ സെന്‍റര്‍ ആക്രമണം ഹോ ഇന്നും പേടിയാകും ആ പൈലറ്റിനു വഴി തെറ്റി വൈറ്റ് ഹൌസില്‍ ഇടിച്ചിരുന്നേല്‍ ...,ഹോ ആലോചിക്കാന്‍ കൂടി വയ്യ .

നിരഞ്ജന്‍ : താങ്കളുടെ ജീവിതത്തില്‍ ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ അസൂയയും വിദ്വേഷവും തോന്നുന്ന ഏതെങ്കിലും വ്യക്തികള്‍ ഉണ്ടോ ?

ബുഷ്‌ : ഒബാമ , കൂടുതലൊന്നും അതിനെ പറ്റി എന്നോട് ചോദിക്കരുത് ...ഞാന്‍ പറയില്ല .

നിരഞ്ജന്‍ : ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമം അനുഭവിച്ചതെപ്പോള്‍ ?

ബുഷ്‌ : ഒരു ഷൂ പോലും ലകഷ്യത്തില്‍ കൊള്ളിക്കാന്‍ കഴിയാത്തവരെ ഓര്‍ത്തു ഞാന്‍ വേദനിക്കുന്നു ഇപ്പോഴും.

നിരഞ്ജന്‍ : ഈ അടുത്ത കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ വല്ലതും ..??

ബുഷ്‌ : ഉണ്ട് ദേ ആ വലിയ അലമാര നിറച്ചും പല ജോഡി ഷൂവുകള്‍ ...

നിരഞ്ജന്‍ : ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ആനന്ദമനുഭവിച്ചത് എപ്പോഴാണ് ..??

ബുഷ്‌ : ഹയ്യോ... അതോര്‍ത്താല്‍ ഇപ്പോഴും ചിരി വരും കേരളത്തിലെ രാഷ്ട്രീയത്തില്‍ അമേരിക്ക കൈ കടത്തുന്നു എന്നുള്ള നിങ്ങളുടെ ജയരാജന്‍ സാറിന്‍റെ കണ്ടു പിടുത്തത്തിനു നോബല്‍ സമ്മാനം കൊടുക്കാന്‍ ഒബാമ രഹസ്യമായി നാമ നിര്‍ദ്ദേശം നടത്തി എന്നറിഞ്ഞപ്പോള്‍...

നിരഞ്ജന്‍ : ഇനി അവസ്സാനത്തെ ചോദ്യം താങ്കളുടെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ നേട്ടവും താങ്കള്‍ക്ക് സ്വയമുള്ള വിലയിരുത്തലും എന്താണ് ?

ബുഷ്‌ : ഹോ ആ കഴിഞ്ഞ അധികാര കാലത്തില്‍ കാണിച്ച ചെറിയ ചെറിയ കുരുത്തക്കേടുകള്‍ ഇന്നും ആര്‍ക്കും അതു പോലെ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ കഴിയില്ല എന്നത് അമേരിക്കയുടെ തന്നെ നേട്ടമാണ്

നിരഞ്ജന്‍ : ഇത്രയും നെരേം താങ്കളുടെ വിലയേറിയ സമയം എന്നോടൊപ്പം ചിലവഴിച്ചതിനു നന്ദി ....നമസ്കാരം

ബുഷ്‌ : നന്ദി ,നിരഞ്ജന്‍ താങ്കളുടെ ഓര്‍മ്മക്കായി ആ ഷൂ തന്നിട്ട് പോയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു
________________________________________________________________________

നിരഞ്ജന്‍ ഷൂ കൊടുത്തോ ഇല്ലെയോ എന്നറിയില്ല നമുക്ക് നിരഞ്ജനെ വീണ്ടും കാണുമ്പോള്‍ ചോദിക്കാം .












.

ഒരു ഇന്‍റര്‍വ്യൂ


ഒരു സ്ഥിരം പുക വലിക്കാരന്‍ ആയിരുന്ന ഞാന്‍ ഇന്ന് മുതല്‍ പുകവലി ഉപേക്ഷിക്കുന്നു .

കാരണം .....പുകവലിയുടെ ദോഷ ഫലങ്ങളെകുറിച്ചു മനസ്സിലാക്കിയിട്ടോ
,അവ എന്‍റെ ശരീരത്തില്‍ ദൂഷ്യ ഫലങ്ങള്‍ ഉണടാക്കിയിട്ടോ അല്ല കഴിഞ്ഞ എട്ടു വര്‍ഷമായി സ്വന്തം ഭാര്യയെ പോലെ ഞാന്‍ കൊണ്ട് നടന്നിരുന്ന പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് . വെറും ഒരു നിസ്സാര കാര്യത്തിന്‍റെ പേരിലാണ് ഞാന്‍ ഇന്നവളെ ഉപേക്ഷിച്ചത് .
കാരണം ഒരു ഇന്‍റര്‍വ്യൂ മാത്രമാണ് ....

പ്രശസ്ത അഭിമുഖ സംഭാഷകന്‍ നിരഞ്ജന്റെ ഒരു പ്രശസ്ത ഇന്റര്‍വ്യൂവിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു ....


ഇവിടെ ഇന്‍റര്‍വ്യൂ ചെയ്യപ്പെടുന്നത് ഒരു പ്രമുഖ ബ്രാന്‍ഡ്‌ സിഗരറ്റാണ് നിരഞ്ജന്‍ എപ്പോഴും അങ്ങിനെയാണ് ആരും പ്രതീക്ഷിക്കാത്ത വ്യക്തികളെ ഇന്‍റര്‍വ്യൂ ചെയ്താണ് നിരഞ്ജന്‍ പ്രശസ്തനായതും ..........


നിരഞ്ജന്‍ : നമസ്ക്കാരം .

സിഗരറ്റ്‌ : നമസ്ക്കാരം .

നിരഞ്ജന്‍ : താങ്കളുടെ പേര്‍ ?

സിഗരറ്റ്‌ : സിഗരറ്റ്‌

നിരഞ്ജന്‍ :കൂട്ടുകാരുടെ ഇടയിലെ ചെല്ലപ്പേര്‍ ?

സിഗരറ്റ്‌ : ബീഡി ,ആത്മാവിന്‍റെ ശാന്തി ...അങ്ങിനെ നിരവധി എന്നെ ഇഷ്ടപ്പെടുന്നവര്‍ വിളിക്കുന്നതെന്തും എനിക്കും ഇഷ്ടമാണ്

നിരഞ്ജന്‍ :താങ്കള്‍ക്ക് എത്ര വയസ്സായി ?

സിഗരറ്റ്‌ : ഒരുപാടായി ഏകദേശം മൂവായിരതിനോടടുത്ത് ...നിങ്ങള്ക്ക് ഒരു രഹസ്യമറിയാമോ വലിക്കുന്നവര്‍ക്ക് കുറയുന്ന വയസ്സ് കൂടി എനിക്കാ കിട്ടുന്നത്.


നിരഞ്ജന്‍ : അങ്ങയുടെ തൊഴില്‍ മേഖല ഏതാണ് ?

സിഗരറ്റ്‌ : യുവാക്കളെ അടിമകളാക്കുക എന്ന വിഷയത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്‌ .

നിരഞ്ജന്‍ : വേറെ എന്തെങ്കിലും സൈഡ് ബിസ്സിനസ്സുകള്‍ ഉണ്ടോ ?

സിഗരറ്റ്‌ : ചിലപ്പോള്‍ ചിലരുമായി ചേര്‍ന്ന് പലതും ചെയ്യാറുണ്ട് .

നിരഞ്ജന്‍ :ഏറ്റവും അടുത്ത സുഹൃത്ത്‌ ?

സിഗരറ്റ്‌ : ഒരാളല്ല എല്ലാ സിഗരറ്റ്‌ കമ്പനി മുതലാളിമാരും എന്‍റെ സുഹൃത്തുകള്‍ ആണ് .

നിരഞ്ജന്‍ : ഈ ജീവിതത്തിനിടക്ക് ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ടോ ?

സിഗരറ്റ്‌ : ഒരു പാട് പേര്‍ എന്നെ ശത്രുക്കളായി കണ്ടിട്ടുണ്ട് ,ഞാന്‍ അവരെയും .

നിരഞ്ജന്‍ : താങ്കള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?

സിഗരറ്റ്‌ : അങ്ങനെയൊന്നുമില്ല പോലീസുകാര്‍ പിടിക്കാത്ത ഏതു സ്ഥലവും ഇഷ്ടമാണ് .

നിരഞ്ജന്‍ : താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം ഏതാണ് ?

സിഗരറ്റ്‌ : കരള്‍ ,അത് കഴിഞ്ഞിട്ടേ ഞാന്‍ ഈ ലോകത്ത് എന്നെപ്പോലും ഇഷ്ടപ്പെടുന്നുള്ളൂ .

നിരഞ്ജന്‍ : ഏറ്റവും ഇഷടമുള്ള ജോലി എന്താണെന്ന് പറയുമോ ?

സിഗരറ്റ്‌ : പറയാനെന്തിരിക്കുന്നു കാന്‍സര്‍ രോഗികളെ സൃഷ്ടിക്കുക എന്നതാണ് പ്രധാന ജോലി .

നിരഞ്ജന്‍ : ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതാരെ ?

സിഗരറ്റ്‌ : വലിക്കുന്നവരെ ...

നിരഞ്ജന്‍ : വിശ്വാസമില്ലാത്തത്‌ ?

സിഗരറ്റ്‌ : നിയമങ്ങളെ .

നിരഞ്ജന്‍ : ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമം അനുഭവിച്ചതെപ്പോള്‍ ?

സിഗരറ്റ്‌ : പൊതു സ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടപ്പോള്‍

നിരഞ്ജന്‍ : ഇനി അവസ്സാനത്തെ ചോദ്യം താങ്കളുടെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ നേട്ടവും താങ്കള്‍ക്ക് സ്വയമുള്ള വിലയിരുത്തലും എന്താണ് ?

സിഗരറ്റ്‌ : ആര് എങ്ങിനെ എപ്പോള്‍ ശ്രമിച്ചാലും അണയ്ക്കാന്‍ കഴിയില്ല എന്നത് ഒരു സ്വകാര്യ അഹങ്കാരവും ഒപ്പം എന്‍റെ നേട്ടവുമായി ഞാന്‍ വിലയിരുത്തുന്നു .

നിരഞ്ജന്‍ : ഇത്രയും നെരേം താങ്കളുടെ വിലയേറിയ സമയം എന്നോടൊപ്പം ചിലവഴിച്ചതിനു നന്ദി ....നമസ്കാരം

സിഗരറ്റ്‌ : നന്ദി ,നിരഞ്ജന്‍ നിന്നാല്‍ ഒന്ന് വലിച്ചിട്ടു പോകാം .
________________________________________________________________________

നിരഞ്ജന്‍ അവിടുന്ന് രക്ഷപെട്ടെങ്കില്‍ അടുത്ത ഇന്‍റര്‍വ്യൂവില്‍ നമുക്ക് നിരഞ്ജനെ വീണ്ടും കാണാം എന്നാശിക്കുന്നു .